Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി കലാമണ്ഡലം ഹേമലത.
കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാപ്രതിഭകളെ തഴഞ്ഞ് സിനിമാ താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ആശാസ്യമല്ലെന്നും കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്ന ഈ പ്രവണതയില്‍നിന്ന് അഭിനേതാക്കള്‍ മാറിനില്‍ക്കണമെന്നും ഹേമലത തുറന്നടിച്ചു.
20 വര്‍ഷത്തിനുള്ളില്‍ കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ യാതൊരു പുരസ്‌കാരങ്ങള്‍ക്കും പരിഗണിച്ചിട്ടില്ലെന്നും ഹേമലത ചൂണ്ടിക്കാട്ടി. ഈ മാസം ഒമ്പതിനാണ് മഞ്ജു വാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്‍ ജയറാമിനും പുരസ്‌കാരം നല്‍കിയിരുന്നു.
നൃത്തകലാ പരിശീലനത്തില്‍ വര്‍ഷങ്ങളായി കലാമണ്ഡലം നിലവാരം പുലര്‍ത്തുന്നില്ലെന്നും ഹേമലത വിമര്‍ശിച്ചു. പ്രതിസന്ധികള്‍ നേരിട്ട് ആദിവാസി മേഖലകളിലും മലയോരമേഖലകളിലും കടന്നുചെന്ന് നൃത്തം പഠിപ്പിക്കുന്ന നിരവധി അദ്ധ്യാപികമാരെ തഴയുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കലാമണ്ഡലത്തില്‍ നൃത്ത മേഖലയില്‍ പ്രതിഭ തെളിയിച്ച കലാകാരിമാര്‍ പലരും ഇപ്പോള്‍ ഉപജീവനമാര്‍ഗത്തിനായി പെട്രോള്‍ പമ്പിലും തുണിക്കടയിലും ജോലിക്കു പോകുകയാണ്. അവരുടെ കഴിവ് അംഗീകരിച്ച് ഒരു അവാര്‍ഡ് നല്‍കിയാല്‍ നൃത്തപരിപാടികളില്‍ സജീവമാകാനും നല്ലൊരു കരിയര്‍ സ്വന്തമാക്കാനും സാധിക്കും, ഹേമലത പറഞ്ഞു.
Leave a Reply