Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഹനാപകടങ്ങളില്‍ പരിക്കേറ്റ് മരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. അപകടം പറ്റിയവര്‍ക്ക് യഥാസമയം ചികിത്സ ലഭിക്കാത്തതു തന്നെയാണ് മരണസംഖ്യ ഉയരാനുള്ള കാരണം. അപകടത്തില്‍ പെട്ട് റോഡില്‍ ജീവന് വേണ്ടി പിടയുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ വളരെ കുറവാണ്.
ഇത്തരക്കാരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റും ഇവരെ പിന്‍തിരിപ്പിക്കുന്നു. അത്തരമൊരു അനുഭവമാണ് നടി കനിഹയ്ക്കും പറയാനുള്ളത്.
റോഡ് അപകടത്തില്‍ പരുക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആളെ ആശുപത്രിയില്‍ എത്തിച്ച തന്റെ അനുഭവം കനിഹ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. അപകടം നടന്ന ആളുടെ ചോര തന്റെ കാറില്‍ വീണുകിടക്കുന്ന ചിത്രത്തിനൊപ്പമാണ് കനിഹയുടെ ഫേസ്ബുക്ക് പോസ്റ്റ്.
തന്റെ മകന്‍ റയാഹിയെ സ്‌കൂളിലാക്കി തിരിച്ചുവരുന്ന വഴിക്കാണ് രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടച്ച് അല്‍പ്പം പ്രായം ചെന്നയാള്‍ തെറിച്ചുവീഴുന്നത് കനിഹ കാണുന്നത്. സംഭവം കണ്ട മിക്കവരും നിര്‍ത്താതെ അവരവരുടെ വാഹനങ്ങളില്‍ പാഞ്ഞ് പോയപ്പോള്‍ കനിഹ മാത്രമാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നത്. ഒരു കാല്‍ പൂര്‍ണ്ണമായും ഒടിഞ്ഞ് രക്തത്തില്‍ കുളിച്ച് കിടക്കുന്നയാളെ സ്വന്തം കാറില്‍ കയറ്റി കനിഹ ആശുപത്രിയിലെത്തിച്ചു.
കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ കനിഹയ്ക്ക് നേരിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. എന്നിരുന്നാലും തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചത് കാരണം അയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കനിഹ.
കനിഹയുടെ കുറിപ്പ് വായിക്കാം……….
നിങ്ങളിലെത്രപേര്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരം കിട്ടാറുണ്ട് എന്നെനിക്കറിയില്ല. ഇന്ന് മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ടു വരുന്ന വഴി എനിക്ക് അങ്ങനെ ഒരു അവസരം ലഭിച്ചു.
എന്റെ കണ്മുന്നില്‍വച്ചാണ്, രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപടകമുണ്ടാകുന്നത്. അപകടത്തില്‍ പ്രായം ചെന്ന ഒരാള്‍ വീണു കിടക്കുന്നു. സംഭവം കണ്ടവര്‍ ഒന്ന് വന്ന് നോക്കി പോകുന്നു. കാറുകള്‍ പതുക്കെ നിര്‍ത്തി എല്ലാം കണ്ട ശേഷം അയാളെ ഉപേക്ഷിച്ച് പോകുന്നു. ഞാന്‍ അടുത്ത് പോയി നോക്കി. അയാള്‍ പതുക്കെ അനങ്ങി റോഡിന്റെ അരികില്‍ ഇരുന്നു.
ഇടത് കാല്‍ ഒടിഞ്ഞിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുകയാണയാള്‍. രക്തം ഒരുപാട് വാര്‍ന്നുപോയിരിക്കുന്നു. വേറെ ഒന്നും ആലോചിച്ചില്ല, അയാളെ എന്റെ കാറില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. യാത്രയില്‍ ഞാന്‍ അയാളോട് സംസാരിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയിലെത്തിച്ചതും അവിടെ അടിയന്തരചികിത്സാസഹായം കിട്ടാന്‍ കുറച്ച് കഷ്ടപ്പെടേണ്ടിവന്നു.
പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. പൊലീസ് ഉടന്‍ തന്നെ എത്തി. എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. പൊലീസുകാര്‍ ഞാന്‍ ചെയ്ത പ്രവൃത്തിയില്‍ എന്നെ അഭിനന്ദിച്ചു. അപടകത്തില്‍പ്പെടുന്നുവരെ ഭയത്താല്‍ രക്ഷിക്കാതിരിക്കരുതെന്നും രക്ഷിക്കുന്നവരെ ആരെയും കുറ്റപ്പെടുത്തില്ലെന്നും അവര്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു
ഈ സംഭവം എന്നെ പിടിച്ചു കുലുക്കി. ഒരു യാഥാര്‍ത്ഥ്യം എന്റെ കണ്‍ മുന്നില്‍. ആ സംഭവത്തിന്റെ നടുക്കം ഇപ്പോഴുമുണ്ടെങ്കിലും, ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍. ഒരാള്‍ക്കെങ്കിലും ഈ പോസ്റ്റ് കണ്ട് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഇക്കാര്യം ഇവിടെ കുറിക്കുന്നത്.
Leave a Reply