Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ ദിവസം ആരാധകരെ ആവേശത്തിലാഴ്ത്തി നിവിന്‍ പോളിയാണ് ആ വാര്‍ത്ത പുറത്ത് വിട്ടത്. തന്റെ പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നത്.
നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി, പ്രഖ്യാപനം മുതല്‍ തന്നെ വര്‍ത്തകളിലിടം പിടിച്ച ചിത്രമാണ്. ചിത്രത്തെക്കുറിച്ചും മറ്റ് താരങ്ങളെക്കുറിച്ചും പുറത്തു വന്നിരുന്ന വാര്‍ത്തകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അത്തരത്തില്‍ പ്രചരിച്ചൊരു ഊഹാപോഹമായിരുന്നു ചിത്രത്തിലെ ലാലേട്ടന്റെ സാന്നിധ്യവും.
എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആരും സ്ഥിരീകരിച്ചിരുന്നില്ല. അപ്പോഴാണ് നിവിന്റെ ഞെട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ഇപ്പോഴിതാ ആകാഷയ്ക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയുമാണ്.
കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അവതരിക്കുക. ഫേസ്ബുക്കിലൂടെയായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വേഷത്തിനായി മറ്റാരെയും തങ്ങള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ലെന്നും ഈ കഥാപാത്രം സ്വീകരിച്ചതിന് മോഹന്‍ലാലിനോട് നന്ദി പറയുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അജോയ് വര്‍മ്മയുടെ ചിത്രത്തിനു ശേഷമായിരിക്കും ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുക. ജനുവരി ആദ്യ വാരം ചിത്രീകരണത്തിനായി തീരുമാനിച്ചിരുന്ന ഒടിയന്‍ ഇതിനെ തുടര്‍ന്ന് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. ഇരു ചിത്രങ്ങളുടെയും ഇടവേളയിലായിരിക്കും മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാള നാടോടിക്കഥകളിലെ അതികായനായ കള്ളന്‍ കൊച്ചുണ്ണിയുടെ ജീവിതം വരച്ചിടുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കുന്നത് ബോബിയും സഞ്ജയും ചേര്‍ന്നാണ്. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഏകദേശം പന്ത്രണ്ട് കോടി ബഡ്ജറ്റില്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്ന കായംകുളം കൊച്ചുണ്ണി നിര്‍മിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്.
Leave a Reply