Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:55 pm

Menu

Published on March 6, 2019 at 2:01 pm

പ്രളയ പുനർനിർമാണത്തിന് 3500 കോടി രൂപ വായ്പ 4 മാസത്തിനകം ലഭിക്കും..

kerala-flood-loan

തിരുവനന്തപുരം: പ്രളയ പുനർനിർമാണവുമായി ബന്ധപ്പെട്ടു ലോകബാങ്കിന്റെ ആദ്യ വികസന വായ്പയായി ഏകദേശം 3500 കോടി രൂപ ജൂൺ, ജൂലൈ മാസത്തോടെ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പയ്ക്കുളള ഒരുക്ക പ്രവർത്തനങ്ങൾക്കു മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. തുടർനടപടിക്കു വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. സഹായം വേഗത്തിലാക്കുന്നതിനും തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ലോകബാങ്ക്് 3500 കോടി രൂപ നൽകുമ്പോൾ 1500 കോടിയോളം രൂപ സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്നു കണ്ടെത്തണം. അതോടെ ആകെ 5000 കോടിയിലധികം രൂപ സംസ്ഥാനത്തിന് ഉപയോഗിക്കാനാകും. തകർന്ന റോഡുകളുടെ നിർമാണത്തിന് 1200 കോടി മരാമത്ത് വകുപ്പിനു നേരത്തെ ലഭ്യമാക്കിയിരുന്നു. ഇതുൾപ്പെടെയുള്ള തുക സംസ്ഥാന വിഹിതമായി പരിഗണിക്കാനാകുമോയെന്നു പരിശോധിക്കും. പ്രളയത്തിൽ കൂടുതലും ഗ്രാമീണ റോഡുകളാണു തകർന്നത്. പ്രധാനമന്ത്രി ഗ്രാമീൺ റോസ്ഗാർ യോജന പ്രകാരം തുക ചെലവഴിക്കാനാകുമോയെന്നും പരിശോധിക്കും. ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികളിലാണു തുക ചെലവിടുക. 70:30 അനുപാതത്തിൽ ലോകബാങ്ക് വായ്പ ലഭ്യമാക്കുന്ന സാഹചര്യത്തിലാണു നടപടി.

പ്രളയദുരന്ത പശ്ചാത്തലത്തിൽ യുഎൻ ഏജൻസികളും ലോകബാങ്കും ചേർന്നു വിശദ പഠനം നടത്തുകയും നവകേരള നിർമിതിക്ക്് ഏകദേശം 32,000 കോടി രൂപ ആവശ്യമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു റീബിൽഡ് കേരള ഇനിഷ്യേറ്റീവ്് എന്ന പുനർനിർമാണ സംവിധാനത്തിനു രൂപം നൽകിയത്. ഇതിനു വേണ്ടിയാണു ലോകബാങ്കിന്റെയും എഡിബിയുടെയും സഹായം.

പുനർനിർമാണത്തിനായി ദുരന്തനിവാരണം, പരിസ്ഥിതി, സ്ഥാപന ശാക്തീകരണം, വിവരസമുച്ചയങ്ങളുടെ ഉപയോഗം എന്നീ നാലു തലങ്ങളും ജലവിഭവം, ജലവിതരണം, സാനിറ്റേഷൻ, നഗരമേഖല, റോഡുകളും പാലങ്ങളും, ഗതാഗതം, വനം, കൃഷിയും അനുബന്ധ മേഖലകളും, മത്സ്യബന്ധനം, ഉപജീവനം, ഭൂവിനിയോഗം എന്നീ 11 മേഖലകളും ഉൾപ്പെടുന്ന റീബിൽഡ് കേരള വികസന പദ്ധതിയുടെ കരടുരേഖ മന്ത്രിസഭ പരിഗണിച്ചു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി രേഖ വിലയിരുത്തി. വിദേശ മലയാളികൾ, പ്രഫഷനലുകൾ, ഉപദേശകസമിതി എന്നിവരുടെ അഭിപ്രായങ്ങൾ കൂടി ശേഖരിച്ചു തുടർനടപടി സ്വീകരിക്കാനും അംഗീകാരങ്ങൾ നൽകാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News