Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന ഏജന്റ് കോഴിക്കോട് സ്വദേശി മംഗലച്ചേരി സജീര്‍ അബ്ദുള്ള.ഇയാള്‍ക്കുവേണ്ടി ദേശീയ അന്വേഷണ ഏജന്‍സിയ്ക്കുപുറമേ അഫ്ഗാനിസ്താന്‍, യു.എ.ഇ. ഇന്റലിജന്‍സ് ഏജന്‍സികളും തിരച്ചില്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഏപ്രിലില്‍ നാട്ടില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയിലെത്തിയ സജീര്‍ അവിടെനിന്ന് കടന്നുകളഞ്ഞു. ഇപ്പോള്‍ അഫ്ഗാനിസ്താനിലുണ്ടാകുമെന്നാണ് എന്‍.ഐ.എ. കരുതുന്നത്. ഐ.എസ്സിന് സഹായം നല്‍കിയെന്ന സംശയത്തില്‍ ഈമാസം ആദ്യം കേരളത്തില്‍ അറസ്റ്റിലായ ആറുപേരില്‍നിന്നാണ് സജീറിനെക്കുറിച്ച് വിവരം ലഭിച്ചത്. സമാനചിന്താഗതിയുള്ള വിദ്യാസമ്പന്നരായ യുവതീ യുവാക്കളെയാണ് സജീര്‍ റിക്രൂട്ട് ചെയ്യുന്നത്.

ഇന്ത്യയില്‍നിന്ന് എത്തുന്നവരെ യുദ്ധഭൂമിയിലേക്ക് അയയ്ക്കാതെ അഫ്ഗാനില്‍ വിട്ട് യുദ്ധമുറകളിലും ബോംബുനിര്‍മാണത്തിലും പരിശീലനം നല്‍കി നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ചില ബി.ജെ.പി. നേതാക്കളെയും ഇസ്ലാംവിരുദ്ധ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാരെയും കൊടെയ്ക്കനാല്‍ സന്ദര്‍ശനത്തിനെത്തുന്ന ഇസ്രായേല്‍കാരെയും കൊല്ലുകയെന്ന നിര്‍ദേശം ഐ.എസ്. റിക്രൂട്ടുകള്‍ക്ക് നല്‍കിയിരുന്നു. നേരത്തേ എട്ടു കുട്ടികളടക്കം 21 പേരെ അഫ്ഗാനിസ്താനിലേക്ക് പോകാന്‍ സഹായിച്ചതും സജീറാണെന്നാണ് എന്‍.ഐ.എ. കരുതുന്നത്. ഔദ്യോഗിക കണക്കുപ്രകാരം 67 ഇന്ത്യക്കാര്‍ ഐ.എസ്സില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ ഐ.എസ്സില്‍ ചേര്‍ന്നവരുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണെന്ന് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പറയുന്നു.

സജീര്‍ നേരത്തേ എന്‍.ഐ.എയുടെ നിരീക്ഷണ ലിസ്റ്റിലുള്ളയാളാണ്. സമീര്‍ അലി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും വേറെയും ചില വ്യാജ ഐഡികളിലൂടെ മലയാളികള്‍ക്ക് ഐസിസ് ആശയങ്ങള്‍ അയച്ചതുമാണ് സജീറിനു മേല്‍ എന്‍.ഐ.എ നിരീക്ഷണം ശക്തമാക്കാന്‍ ഇടയാക്കിയത്.
ഐസിസിന്റെ മലയാളം വെബ്സൈറ്റായ അല്‍മുഹാജിറൂന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതില്‍ ഒരാള്‍ സജീര്‍ ആണെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സജീര്‍ റൈറ്റ് തിങ്കേഴ്സ്, ഫ്രീ തിങ്കേഴ്സ്, എസ്.ഡി.പിഐ കേരളം തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും അംഗമായിരുന്നു. റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് 2014 ഒക്ടോബറില്‍ യുഎയില്‍ സംഘടിപ്പിച്ച മീറ്റില്‍ സജീര്‍ പങ്കെടുത്തിരുന്നു. സജീറുമായി ബന്ധമുള്ള ചില ഫേസ്ബുക്ക് ഐഡികള്‍ ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയാണ്. ഇതില്‍ പലരും ഇപ്പോഴും സജീറുമായി ബന്ധം തുടരുന്നുണ്ട്. ഇതില്‍ എന്‍.ഐ.എയുടെ നിരീക്ഷണ വലയത്തില്‍ നേരത്തെയുള്ളവരുമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്വന്തം പേരിലുള്ള അക്കൗണ്ട് ഡിലീറ്റ് ചെയ്ത ശേഷം വ്യാജ അക്കൗണ്ടുകളില്‍ എത്തിയാണ് സജീര്‍ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും കൈമാറുകയും ചെയ്തിരുന്നത്.

ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നെന്നും അസാമാന്യ ബുദ്ധി വൈഭവമുള്ളയാളാണെന്നുമാണ് ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും സജീറിനെ കുറിച്ചു പറയാനുള്ളത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ പിതാവിന്റെ വീട്ടിലായിരുന്നു സജീറിന്റെ ചെറുപ്പകാലം. പത്താംക്ലാസ് വരെ ഇവിടെയായിരുന്നു പഠനം. പിന്നീട് കോഴിക്കോട് ചെലവൂരിലെ ഉമ്മയുടെ തറവാടു വീട്ടിലായിരുന്നു താമസം. പത്തിലും +2വിലും നല്ല മാര്‍ക്കോടു കൂടി വിജയിച്ച സജീര്‍ മുക്കം ചാത്തമംഗലം എന്‍.ഐ.ടിയില്‍ തുടര്‍ പഠനം നടത്തി. 1998-2002 ബാച്ചിലാണ് ഇവിടെ നിന്നും സിവില്‍ എഞ്ചിനീയറിംങ് പഠനം പൂര്‍ത്തിയാക്കുന്നത്. പഠനകാലത്തു തന്നെ ഐടി, എഞ്ചിനീയറിംങ് മേഖലഖളില്‍ കഴിവ് തെളിയിച്ചിരുന്നു. എഞ്ചിനീയറിംങിലും ഐടിയിലും സാധ്യതകളേറെയുണ്ടായിരുന്ന കാലത്ത് സജീറിനു ജോലിക്കായി അലയേണ്ടി വന്നിരുന്നില്ല. പഠനകാലത്തു തന്നെ പാഠ്യവിഷയത്തില്‍ വൈദഗ്ധ്യം തെളിയിച്ച സജീറിനെ റാഞ്ചാനായി സ്ഥാപനങ്ങള്‍ കാമ്ബസില്‍ വരെ എത്തിയിരുന്നു. പഠിച്ചിറങ്ങിയ ശേഷം ദുബായിലെ കമ്ബനിയില്‍ ജോലി ലഭിച്ചതോടെയാണ് പ്രവാസ ജീവിതത്തിന് തുടക്കമിട്ടതും പിന്നീട് അപായമേഖലയിലെത്തപ്പെട്ടതും.

2004ല്‍ കോഴിക്കോട് നിന്നും പാസ്പോര്‍ട്ട് എടുത്തതായി രേഖകളില്‍ നിന്നും വ്യക്തമാണ്. ഗള്‍ഫില്‍ ജോലിയില്‍ പ്രവേശിച്ചതോടെ സജീറിലായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനിടെ പിതാവ് മരണപ്പെട്ടു. സ്വന്തമായി വീടും സ്ഥലവും വാങ്ങി താമസം ചെലവൂരില്‍ നിന്നും അടുത്ത പ്രദേശമായ ചാലിയാര്‍ കുന്നിലേക്കു മാറ്റി. തരക്കേടില്ലാത്ത ജോലിയുമായി സജീര്‍ മുന്നോട്ടു പോയി. യുഎയില്‍ കമ്ബനി വക കാറും സെക്രട്ടറിയും ഉയര്‍ന്ന ശമ്ബളവുമെല്ലാമായി ജീവിച്ചു. ദുബായിലെ ജോലിക്കിടെയാണ് തീവ്രവാദ സംഘവുമായി സജീര്‍ ബന്ധം സ്ഥാപിച്ചതെന്നാണ് നിഗമനം. ഓണ്‍ലൈന്‍ വഴിയുള്ള ഖുര്‍ആന്‍ ഹദീസ് പഠനങ്ങളും ഐസിസ് സംഘങ്ങളുമായുള്ള നിരന്തര ഓണ്‍ലൈന്‍ ബന്ധവുമാണ് ഇത്തരം ആശയങ്ങളിലേക്കു എത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
Leave a Reply