Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:14 pm

Menu

Published on June 15, 2017 at 10:38 am

വിവാദങ്ങള്‍ക്കിടെ കൊച്ചി മെട്രോ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് ഇ. ശ്രീധരന്‍

kochi-metro-final-inspection-by-e-sreedharan

കൊച്ചി: മെട്രോ ഉദ്ഘാടനവേദിയില്‍ നിന്നു തന്നെ ഒഴിവാക്കിയതു വലിയ വിമര്‍ശനവും വിവാദവുമായതിനു തൊട്ടടുത്ത ദിവസം മെട്രോ സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ എത്തി.

പാലരിവട്ടം സ്റ്റേഷനിലാണ് അദ്ദേഹം പരിശോധനയ്ക്കായി എത്തിയത്. കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരോടൊപ്പമാണ് പ്രധാനമന്ത്രി യാത്രയ്ക്ക് എത്തുന്ന പാലാരിവട്ടം സ്റ്റേഷനില്‍ അദ്ദേഹം എത്തിയത്. മെട്രോ സര്‍വീസ് നടത്തുന്ന മുഴുവന്‍ ദൂരവും ശ്രീധരന്‍ വിശദമായി പരിശോധിച്ചേക്കും.

ഉദ്ഘാടന വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്നും ക്ഷണിച്ചാല്‍ വേദിയിലുണ്ടാകുമെന്നും ശ്രീധരന്‍ പ്രതികരിച്ചു. സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇ. ശ്രീധരനെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എല്‍.എ പി.ടി. തോമസ് എന്നിവരെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നു കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പരിപാടി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, കെ.വി. തോമസ് എം.പി, മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ എന്നീ ഏഴുപേര്‍ക്കു മാത്രമെ വേദിയില്‍ സ്ഥാനമുള്ളൂ.

അവരില്‍ത്തന്നെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു എന്നിവര്‍ക്കു മാത്രമാണ് സംസാരിക്കാന്‍ അവസരം. സ്വാഗതം പറയുന്ന കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് താഴെ ഇരിക്കണം. ഗവര്‍ണര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കു വേദിയില്‍ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാന്‍ അവസരമില്ല.

ശനിയാഴ്ച രാവിലെ 11നാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. രാവിലെ 10.30ന് പാലാരിവട്ടത്തെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു മെട്രോയില്‍ പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടത്തേക്കും യാത്ര ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News