Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 6:44 am

Menu

Published on June 17, 2017 at 10:00 am

കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

kochi-metro-inauguration-today-prime-minister-narendra-modi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം സ്റ്റേഷനില്‍ നാട മുറിച്ച് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, പത്തടിപ്പാലം വരെ കന്നിയാത്ര നടത്തി.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുടര്‍ന്നും സഹായങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൊബൈല്‍ വണ്‍ മെട്രോ ആപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യമെന്നോ, സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ, വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗതപ്രസംഗത്തില്‍ ഇ. ശ്രീധരന്റെ പേരുപറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് വലിയ ആരവമാണ് ഉയര്‍ന്നത്. കരഘോഷം മിനിട്ടുകളോളം നീണ്ടുനിന്നു.

പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.എം.ആര്‍.എല്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, കെവി തോമസ് എം.പി എന്നിവര്‍ വേദി പങ്കിട്ടു.

പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന യാത്രയില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കെഎംആര്‍എല്‍ മുഖ്യോപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവരും പങ്കെടുത്തു.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയാണു മെട്രോയുടെ ഒന്നാം ഘട്ടമെങ്കിലും പാലാരിവട്ടം വരെയുള്ള ഭാഗമാണു പൂര്‍ത്തിയായത്.

എം.ജി റോഡില്‍ മഹാരാജാസ് കോളജ് വരെയുള്ള 18 കിലോമീറ്റര്‍ ദൂരം രണ്ടു മാസത്തിനകം പൂര്‍ത്തിയാകും; തൃപ്പൂണിത്തുറയിലേക്ക് എത്താന്‍ രണ്ടു വര്‍ഷവും. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട വികസനത്തിനു കേന്ദ്രാനുമതി കാത്തിരിക്കുകയാണ്.

ആദ്യദിനത്തില്‍ യാത്രാ സര്‍വീസില്ല. ഉദ്ഘാടനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയ ശേഷം വിശിഷ്ടാതിഥികള്‍ക്കായി യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടാംദിനത്തിലും യാത്ര, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് തന്നെ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അഗതി മന്ദിരങ്ങളിലെ അന്തേവാസികളുമാണ് കൊച്ചി മെട്രോയുടെ അതിഥികളായി യാത്ര ചെയ്യുക.

തിങ്കളാഴ്ച രാവിലെ ആറിന് ആലുവയില്‍നിന്നും പാലാരിവട്ടത്തുനിന്നും ഒരേസമയം മെട്രോ പതിവു സര്‍വീസ് ആരംഭിക്കും. ഒന്‍പതു മിനിട്ട് ഇടവേളയില്‍ ഇരു ഭാഗത്തുനിന്നും സര്‍വീസുണ്ടാവും. രാത്രി പത്തിന് അവസാന വണ്ടി. മിനിമം യാത്രാനിരക്കു 10 രൂപ. 20, 30, 40 എന്നിങ്ങനെയാണു മറ്റു നിരക്ക്. ഇടപ്പള്ളി, പാലാരിവട്ടം വരെ 40 രൂപ നിരക്ക്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News