Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് നടുവൊടിഞ്ഞ കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടിക്കുറിച്ച് പ്രശ്‌നം പരിഹരിക്കാനാണ് നീങ്ങുന്നത്. ലാഭകരമല്ലാത്ത 2000 ഓളം ഷെഡ്യുളുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. പ്രതിദിനം 7000 രൂപയില്‍ കുറവ് വരുമാനമുള്ള ഷെഡ്യൂളുകളാണ് ആദ്യഘട്ടത്തില്‍ വെട്ടിക്കുറയ്ക്കുക. ഇതിനു പുറമേ ഡീസല്‍ ഇനത്തില്‍ നിലവില്‍ മുടക്കുന്നതില്‍ കൂടുതല്‍ തുക ചെലവഴിക്കില്ല. ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ഇന്നു വൈകിട്ടോടെ സ്വീകരിക്കും. കെഎസ്ആര്‍ടിസിക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ അനുവദിക്കാനാവില്ലെന്ന സുപ്രീം കോടതി വിധിയാണ് തിരിച്ചടിയായത്.കോടതി ഉത്തരവ് വന്നതോടെ ഇന്നലെ വരെ ലിറ്ററിന് 53.85 രൂപയ്ക്ക് ലഭിച്ചിരുന്ന ഡീസല്‍ ഇന്നു മുതല്‍ 71.26 രൂപ എന്ന നിരക്കിലാണ് കെഎസ്ആര്‍ടിസിക്ക് ലഭിക്കുക. പ്രതിദിനം നാലു ലക്ഷത്തോളം ലിറ്റര്‍ ഡീസല്‍ ഉപഭോഗമുള്ള കെഎസ്ആര്‍ടിസിക്ക് ഇതുവഴി 22.60 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടാവുക. ഇത് കുറയ്ക്കാനാണ് 7000 രൂപയില്‍ താഴെ വരുമാനമുള്ള ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസി വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കാനുള്ള വിവിധ ഹൈക്കോടതി വിധികള്‍ക്കെതിരെ എണ്ണകമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇന്നലെ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി ഉത്തരവുകള്‍ റദ്ദാക്കിയ സുപ്രീംകോടതി, കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാനാവില്ലെന്നു വ്യക്തമാക്കി.
ഇനി പ്രതിസന്ധി മറികടക്കാൻ ഡീസലിനുള്ള വാറ്റ് നികുതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി ഒഴിവാക്കിയോ മറ്റ് പമ്പുകളില്‍ നിന്ന് ഡീസലടിക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് അനുമതി നല്‍കിയോ ഉള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചാല്‍ മാത്രമേ ഇനി കെഎസ്ആര്‍ടിസിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ.
Leave a Reply