Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:12 pm

Menu

Published on August 2, 2017 at 2:56 pm

മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരുടെ മൊഴിയെടുത്തു; ദിലീപിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുന്നു

madhu-warrier-questioned-in-actress-attack-case

ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരുടെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണു അന്വേഷണ സംഘം മധു വാര്യരുടെ മൊഴിയെടുത്തത്.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ബന്ധുക്കളുടെ മൊഴിയും അന്വേഷണം സംഘം രേഖപ്പെടുത്തുകയാണ്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണു പൊലീസ് രേഖപ്പെടുത്തുന്നത്.

ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നതു സഹോദരീ ഭര്‍ത്താവ് സൂരജാണ്. അക്രമിക്കപ്പെട്ട നടിയുമായി എന്തെങ്കിലും സാമ്പത്തിക തര്‍ക്കങ്ങളോ അത് സംബന്ധിച്ച പ്രശ്നങ്ങളോ ദിലീപിന് ഉണ്ടായിരുന്നോ എന്ന കാര്യമാവും സൂരജ് അടക്കമുള്ള ബന്ധുക്കളില്‍ നിന്ന് പൊലീസ് ചോദിച്ചറിയുക.

സിനിമയുമായി ബന്ധമുള്ളയാളുമാണ് സൂരജ്. ഈ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ സഹനിര്‍മാതാവായിരുന്നു ഇയാള്‍. മകളുടെ പേരിലായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

അതേസമയം മുന്‍ഭാര്യ മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹബന്ധം വേര്‍പെടുത്താനുള്ള സാഹചര്യത്തെക്കുറിച്ചാവും നടന്‍ കൂടിയായ മധു വാര്യരില്‍ നിന്ന് പൊലീസ് ചോദിച്ചറിയുക. വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ അക്രമിക്കപ്പെട്ട നടിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായോ എന്നും പൊലീസ് അന്വേഷിക്കും.

ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനുള്ള ചോദ്യം ചെയ്യലാണു പൊലീസ് നടത്തുന്നത്. കേസില്‍ ഇനി രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു സൂചന. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലില്‍ ഇന്നലെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇതിന് സഹായകമാണ്.

കാക്കനാട് ജയിലില്‍ തടവില്‍ കഴിയവെ പള്‍സര്‍ സുനി തന്റെ ഫോണിലേക്ക് വിളിച്ചുവെന്നും ആ സമയത്ത് ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും അപ്പുണ്ണി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. സുനില്‍കുമാര്‍ വിളിച്ചപ്പോള്‍ അടുപ്പമില്ലാത്തതുപോലെ അഭിനയിച്ച് സംസാരിക്കാന്‍ പറഞ്ഞത് ദിലീപാണെന്നും അപ്പുണ്ണി മൊഴി നല്‍കിയെന്നും വിവരമുണ്ട്. നേരത്തേ ജയിലില്‍ നിന്ന് സുനി വിളിച്ചപ്പോള്‍ അപ്പുണ്ണിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News