Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാല്‍: നിയമന അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ് യാദവ് ഗവർണർ സ്ഥാനം രാജിവെച്ചു. സ്ഥാനമൊഴിയാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. സ്ഥാനമൊഴിയുന്നതായി അറിയിക്കുന്ന കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് അയച്ചു. വനംവകുപ്പില്‍ ഗാര്‍ഡുമാരെ നിയമിച്ചതില്‍ ക്രമക്കേട് നടന്നെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രാംയാദവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420ാം വകുപ്പുപ്രകാരം ഗവര്‍ണര്‍ക്കെതിരെ വഞ്ചനക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് രാജി. കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം യാദവിന്‍െറ പേര് സീല്‍ ചെയ്ത കവറിലാക്കി ഹൈക്കോടതിയില്‍ നേരത്തേ സമര്‍പ്പിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനും സംഭവത്തില്‍ പങ്കുണ്ടെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ് ഗവര്‍ണര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുന്നത്. പദവിയൊഴിയാന്‍ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്ന് സമ്മര്‍ദമുയര്‍ന്നെങ്കിലും യാദവ് ആദ്യം രാജിക്ക് തയാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. യാദവിന് 2016 സെപ്റ്റംബര്‍ വരെ കാലാവധിയുണ്ടായിരുന്നു.
Leave a Reply