Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശബരിമല: ശബരിമല സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മകരജ്യോതി ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അയ്യപ്പസന്നിധി ഭക്ത ജനങ്ങളെ കൊണ്ട് നിറഞ്ഞു. തിരക്ക് കണക്കിലെടുത്ത് സന്നിധാനത്തും പമ്പയിലും കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൊന്നമ്പലമേട്ടില്‍ തെളിയുന്ന ദിവ്യജ്യോതി കാണാന്‍ ശരണം വിളികളോടെ ഭക്തലക്ഷങ്ങള്‍ ദിവസങ്ങളായി കാത്തിരിക്കയാണ്. പന്തളത്തുനിന്ന് തിങ്കളാഴ്ച ഉച്ചയോടെ പുറപ്പെട്ട തിരുവാഭരണഘോഷയാത്ര ഇന്ന് വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തും.ഉച്ച പൂജ കഴിഞ്ഞ് നട അടച്ചശേഷം വൈകുന്നേരം അഞ്ച് മണിക്ക് വീണ്ടും നടതുറക്കും. അഞ്ചരമണിക്ക് ശരംകുത്തിയിലെത്തുന്ന തിരുവാഭരണഘോഷയാത്രയെ ദേവസ്വംബോര്‍ഡ് അധികൃതരും പോലിസും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ചേർന്നാണ് സ്വീകരിക്കുന്നത്. സന്നിധാനത്ത് വച്ച് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സ്വീകരിക്കും. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടുന്നതിന് ഇന്ന് നിയന്ത്രണങ്ങളുണ്ടാകും. മകരവിളക്കിനോടനുബന്ധിച്ച് ഇന്ന് ഉച്ചപൂജക്ക് ശേഷം നടയടച്ചാൽ ദീപാരാധനക്ക് ശേഷം മാത്രമേ തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കുകയുള്ളൂ. വൈകുന്നേരം 6.30ന് ദീപാരാധനക്ക് ശേഷമാണ് മകരവിളക്ക്. മകരജ്യോതി ദർശനത്തിന് ശേഷം അയ്യപ്പൻമാർ കൂട്ടമായി മലയിറങ്ങുമ്പോൾ തിരക്ക് മൂലമുണ്ടാകുന്ന അപകടങ്ങളൊഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Leave a Reply