Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 3:02 pm

Menu

Published on February 22, 2016 at 11:42 am

ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന് ? മോഹന്‍ലാല്‍

mohanlals-blog-against-the-students-of-jnu-protest

ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്. ‘ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്..?’ എന്ന തലക്കെട്ടിലാണ് ബ്ലോഗ്.സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് മരിച്ച ലാന്‍സ് നായിക് ബി.സുധീഷിനെ പരാമര്‍ശിച്ചാണ് ബ്ലോഗ് തുടങ്ങുന്നത്. തനിക്ക് പിറന്ന മകളെ ഒരിക്കല്‍ പോലും കാണാതെ സൈനികന്‍ മരിച്ച് മൃതദേഹമായി വന്നിരിക്കുന്നു. തന്റെ ജീവന്‍ ബലി നല്‍കി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിക്കുകയാണ്. എന്താണ് രാജ്യസ്‌നേഹം എന്നതിനെക്കുറിച്ച് പറഞ്ഞ് വൃത്തികെട്ടരീതിയില്‍ തല്ലുകൂടുന്നെന്നും ലാല്‍ പറയുന്നു.

മകരമാസത്തില്‍ മഞ്ഞിറങ്ങിയാല്‍ പത്തുമണിവരെ കമ്പിളിയില്‍ സസുഖം കിടന്നുറങ്ങുന്നവരാണ് നമ്മള്‍. പല്ലുതേക്കാന്‍ മുതല്‍ കുളിക്കാന്‍ വരെ ചൂടുവെള്ളമുണ്ട്. അതിനുശേഷമാണ് നാം സര്‍വ്വകലാശാലകളിലും ഓഫിസുകളിലും പൊതുസ്ഥലത്തും എത്തുന്നത്. എന്നിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത,് സമരങ്ങള്‍ സംഘടിപ്പിക്കുന്നത്, കല്ലെറിയുന്നത,് പട്ടാളത്തെ തെറി പറയുന്നത്, അവരെ സംശയിക്കുന്നത്. രാജ്യദ്രോഹികളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ആളുകളായി ചിത്രീകരിക്കുന്നത്. രാത്രി തണുപ്പിനെ മറികടക്കാന്‍ നമുക്ക് ഫയര്‍സൈഡോ, വിസ്‌കിയോ വേണം. അവിടെയിരുന്നു നാം ഘോരഘോരം ചര്‍ച്ച ചെയ്യും. എന്നിട്ട് വയറു നിറച്ചുണ്ട് വീണ്ടും കമ്പിളി വലിച്ചിട്ട് മതിമറന്ന് ഉറങ്ങും. എന്നാല്‍ അപ്പോഴെല്ലാം അങ്ങു മുകളില്‍ സ്വന്തം ഉടല്‍ മൂടിപ്പൊതിഞ്ഞ്, കൃത്യമായി ഭക്ഷണം കഴിക്കാനോ, നിത്യകര്‍മ്മങ്ങള്‍ ചെയ്യാനോ കഴിയാതെ ഭ്രാന്തു പിടിപ്പിക്കുന്ന ഏകാന്തതയില്‍ ഹനുമന്തപ്പമാരും സുധീഷ്മാരും ഏകാഗ്രരായി നില്‍ക്കുന്നുണ്ട്. ഒരോദിവസവും മരവിപ്പിന്റെ മലമുടികളിറങ്ങിവരുന്ന അവരുടെ മൃതദേഹത്തില്‍ ചവിട്ടിനിന്നുകൊണ്ടാണ് നാം സ്വാതന്ത്രത്തിന്റേയും ആവിഷ്‌കാരസ്വാതന്ത്ര്യ ചര്‍ച്ചകളുടേയും നൃത്തമാടുന്നത്. ഈ മഹാപാപത്തിന് കാലം മാപ്പുതരുമോ? ലാല്‍ ചോദിക്കുന്നു.

ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയചര്‍ച്ചകളിലോ ബഹളങ്ങളിലോ എനിക്കു താല്‍പര്യമില്ല. മനോഭാവം മാത്രമേ എന്നെ അലട്ടുന്നുള്ളു. എന്തുകൊണ്ടാണ് ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളെങ്കിലും നിങ്ങളുടെ മക്കള്‍ക്കു വായിക്കാന്‍ നല്‍കാത്തത്? അതു ചെയ്താല്‍ മാത്രം മതി ഒരു മകനും മകളും ഇന്ത്യയ്‌ക്കെതിരേ ഇവിടെ ജീവിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കില്ല. എവിടെയോ ഒരു പട്ടാളക്കാരന്‍ മരിച്ചു വീഴുമ്പോള്‍ നമ്മുടെ മക്കള്‍ ഒരു നിമിഷം സ്വയം കണ്ണടച്ചു നിന്നോളും. കുട്ടികളെ അയക്കേണ്ടത് സംസ്‌കാരത്തിന്റെ സര്‍വ്വകലാശാലകളിലേക്കായിരിക്കണം. അപ്പോള്‍ അവര്‍ മുദ്രാവാക്യം വിളിക്കുന്ന അതേ ശക്തിയില്‍ സല്യൂട്ട് ചെയ്യാനും പഠിക്കും. പ്രസംഗിക്കുന്ന അതേ വീറോടെ രാജ്യത്തെയോര്‍ത്ത് കരയാനും പഠിക്കും. അക്രമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കാതെ സ്വരാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കും. എല്ലാ ചിന്തകളും നല്ലതാണ്. അവ രാജ്യത്തെ ഏതെങ്കിലും തരത്തില്‍ പുരോഗതിയിലേക്ക് നയിക്കുമെങ്കില്‍.

എല്ലാ സമരങ്ങളും നല്ലതാണ് അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഒരിഷ്ടിക കൂടി വയ്ക്കുമെങ്കില്‍. ഇന്ത്യ ജീവിക്കുമ്പോള്‍ നമ്മള്‍ മരിക്കുന്നതെങ്ങിനെ… ഇന്ത്യ മരിച്ചിട്ട് നമ്മള്‍ ജീവിച്ചിട്ടെന്തു കാര്യം … എന്നു ചോദിച്ചാണ് മോഹന്‍ലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News