Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:22 am

Menu

Published on July 16, 2019 at 5:23 pm

കർക്കടക മാസത്തിൽ നാലമ്പല ദർശനം എങ്ങനെ??

nalambalam-temples-in-thrissur

കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിനു ജൂലൈ 17 ന് തുടക്കം. ഒരുമാസം നീളുന്ന തീർഥാടനത്തിനായി തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, എറണാകുളം ജില്ലയിലെ മ‍ൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളൊരുങ്ങി. കർക്കടക മാസത്തിൽ ഒരേ ദിവസം നാലു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് പുണ്യദായകമെന്നാണ് വിശ്വാസം. തൃപ്രയാറിൽ ശ്രീരാമൻ, കൂടൽമാണിക്യത്തിൽ ഭരതൻ, മൂഴിക്കുളത്ത് ലക്ഷ്മണൻ, പായമ്മലിൽ ശത്രുഘ്നസ്വാമി എന്നീ ക്രമത്തിലാകണം ദർശനം നടത്തേണ്ടത്. സിസിടിവി അടക്കം സുരക്ഷാ സംവിധാനങ്ങളും ഭക്തർക്കു വേണ്ട സൗകര്യങ്ങളും 4 ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.

തൃപ്രയാർ ശ്രീരാമക്ഷേത്രം

നാലമ്പല തീർഥാടനത്തിനു തുടക്കമിടുന്നത് തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനത്തോടെയാണ് . ഭക്തരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. 4000 ഭക്തർക്ക് ഒരേ സമയം വരിനിന്നു തടസ്സമില്ലാതെ ദർശനം നടത്താം. ചുറ്റമ്പലത്തിൽ പന്തലും ബാരിക്കേഡുകളും തയാറായി. തെക്കേ നടയിൽ താൽക്കാലിക മേൽപാലം നിർമിച്ചിട്ടുണ്ട്. പന്തലിൽ ഫാനുകളും വിവിധ കേന്ദ്രങ്ങളിൽ 40 സിസിടിവിയും സ്ഥാപിച്ചു. ക്ഷേത്രത്തിനു പുറത്ത് വലപ്പാട് പൊലീസിന്റെ നേതൃത്വത്തിൽ താൽക്കാലിക കേന്ദ്രം ആരംഭിക്കും.‍ ദിവസവും രാവിലെ 10 വരെ സർക്കാർ ഡോക്ടറുടെ സേവനവും പുഴയിൽ നീന്തൽ വിദഗ്ധരുടെ സേവനവും ഉണ്ടാകും. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ദേവസ്വത്തിന്റെ രാമാലയം, ബംഗ്ലാവ്, സമുദായമഠം, ഡോർമിറ്ററി എന്നിവിടങ്ങളിൽ ദേഹശുദ്ധി വരുത്താൻ സൗകര്യമുണ്ട്. ഇവിടെ പുതുതായി 10 ശുചിമുറികൾ നിർമിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ക്ഷേത്രം ഉൗട്ടുപുരയിൽ പ്രസാദമൂട്ട് നടക്കും.

ദർശന സമയം: പുലർച്ചെ മൂന്നിനു നട തുറക്കും. 3.30 മുതൽ ദർശനത്തിനു സൗകര്യമുണ്ടാകും. 5.15 മുതൽ 6.15 വരെയും 6.30 മുതൽ 7.30വരെയും ദർശനമുണ്ടാകില്ല. ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4.30 മുതൽ എട്ടുവരെയും ദർശനം നടത്താം.

കൂടൽമാണിക്യം ക്ഷേത്രം

ഏക ഭരത മഹാക്ഷേത്രമെന്നറിയപ്പെടുന്ന കൂടൽമാണിക്യം നാലമ്പല തീർഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി. ത‍ൃപ്രയാറിൽ ശ്രീരാമ ദർശനം പൂർത്തിയാക്കി രണ്ടാമതാണ് തീർഥാടകർ കൂടൽമാണിക്യത്തിലെത്തുക. ദർശനത്തിന് എത്തുന്ന ഭക്തർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ വിശാലമായ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. വാഹന പാർക്കിങ്ങിന് കൊട്ടിലായ്ക്കൽ പറമ്പിനൊപ്പം മണിമാളിക പറമ്പും ഒരുക്കിയിട്ടുണ്ട്. ചെരിപ്പ് സൂക്ഷിക്കുന്ന മുറിക്കു സമീപം അമ്മമാർക്കു വേണ്ടി മുലയൂട്ടൽ മുറിയും ഒരുക്കി. ശനി, ഞായർ ദിവസങ്ങളിൽ തീർഥാടകർക്കു കഞ്ഞി വിതരണം ചെയ്യും. രാവിലെ 6.30ന് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസും ക്ഷേത്രത്തിനു മുന്നിൽ ആരംഭിക്കും.

ദർശനം സമയം: സാധാരണ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 12.30 വരെ, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 3 വരെ. വൈകിട്ട് 5 മുതൽ 8.10 വരെ. തിരക്ക് കൂടുതലാണെങ്കിൽ നട അടയ്ക്കുന്നത് വൈകും. അവസാനത്തെ തീർഥാടകനും ദർശനം നടത്തിയതിന് ശേഷം മാത്രമേ നട അടയ്ക്കൂ. ഇത്തവണ കർക്കടകം ഒന്ന് വാവ് ദിവസമായതിനാൽ രാവിലെ പൂജകൾ പൂർത്തിയാക്കി 5.30ന് നട തുറക്കും.

മൂഴിക്കുളം ക്ഷേത്രം

നാലമ്പല ദർശനത്തിൽ മൂന്നാമത്തെ ക്ഷേത്രമാണ് പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം. കൂടൽമാണിക്യ ദർശനത്തിനു ശേഷം മാളയിലെത്തി വലിയപറമ്പ്, അന്നമനട, പൂവത്തുശേരി വഴി 18 കിലോമീറ്റർ സഞ്ചരിച്ചാണ് ഭക്തർ ക്ഷേത്രത്തിലെത്തുന്നത്. 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ലക്ഷ്മണന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിതെന്നു കരുതുന്നു.

ഭക്തർക്കു സുഖ ദർശനം നടത്താനും വഴിപാടുകൾ അർപ്പിക്കാനുമായി വിപുല സൗകര്യങ്ങൾ ഒരുങ്ങിയിട്ടുണ്ട്. മഴ നനയാതെ നിൽക്കാൻ വിശാലമായ പന്തലും ഒരുക്കിയിട്ടുണ്ട്. കൃഷ്ണശിലയിൽ കൊത്തിയ നാലടിയലധികം ഉയരമുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.

ദർശന സമയം: രാവിലെ 5 മുതൽ 1 മണി വരെയും വൈകിട്ട് 5 മുതൽ 8.30 വരെയുമാണ് ദർശന സമയം. അവധി ദിനങ്ങളിൽ തിരക്ക് അനുസരിച്ച് 4.30 മുതൽ 2 വരെയും വൈകിട്ട് 4.30 മുതൽ 9 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

പായമ്മൽ ക്ഷേത്രം

നാലമ്പല ദർശന തീർഥാടകർ അവസാനമെത്തുന്ന ക്ഷേത്രമാണ് പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം. ഇവിടെയും ഒരുക്കങ്ങൾ പൂർത്തിയായി. വരി നിൽക്കാനും മറ്റും പന്തലുകൾ തയാറായി. പാർക്കിങ്ങിനു 2 മൈതാനങ്ങൾ ഒരുക്കി. ഒരു മൈതാനം കാർ അടക്കമുളള ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രമായി നീക്കിവച്ചു. സാധാരണ ദിവസങ്ങളിൽ രാവിലെ 11.30 മുതൽ 2 വരെ അയ്യായിരം പേർക്കും ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിൽ 11.30 മുതൽ 2.30 വരെ പതിനായിരം പേർക്കും അന്നദാനം നടക്കും.

പായമ്മൽ ദർശന സമയം: സാധാരണ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ 2 വരെ, വൈകിട്ട് 4.30 മുതൽ 9 വരെ. തീർഥാടകരുടെ തിരക്ക് അനുസരിച്ച് നട അടയ്ക്കുന്നത് വൈകും.

തിരികെ തൃപ്രയാറിൽ

ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരികെ തൃപ്രയാർ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയാലാണ് നാലമ്പലം തീർഥാടനം പൂർത്തിയാകുക എന്നാണ് ഐതിഹ്യം.

Loading...

Leave a Reply

Your email address will not be published.

More News