Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ 6.45 നായിരുന്നു അന്ത്യം.
കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി. ഇതേ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു.
ഇന്നു വൈകിട്ട് നാലു മണിക്ക് കോട്ടയം പൊലീസ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍.
കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. രണ്ടു വൃക്കകളും തകരാറിലായിരുന്നു. തുടര്‍ന്ന് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
കോട്ടയം ഉഴവൂര്‍ കാരാംകുന്നം വീട്ടില്‍ ഗോപാലന്‍- കമലാ ദമ്പതികളുടെ മകനായി 1952-ല്‍ ജനനം. സാധാരണക്കാരുമായി വളരെ അടുത്തു നില്‍ക്കുന്ന പ്രവര്‍ത്തന ശൈലിയായിരുന്നു ഉഴവൂര്‍ വിജയന്റേത്.
കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എ.കെ ആന്റണിക്കൊപ്പം കോണ്‍ഗ്രസ് എസ്സിന്റെ ഭാഗമായി മാറി.
കോണ്‍ഗ്രസ് എസ്സ് എന്‍.സി.പിയില്‍ ലയിച്ചപ്പോള്‍ എന്‍.സി.പിയുടെ കേരളത്തിലെ പ്രധാന മുഖങ്ങളില്‍ ഒന്നായി മാറി ഉഴവൂര്‍ വിജയന്‍. വൈകാതെ ഇടത് വേദികളിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. കഴിഞ്ഞ മാസം വരെയും ഇടതു സമരവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
സാധാരണക്കാരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസംഗശൈലി തന്നെയായിരുന്നു മറ്റു രാഷ്ട്രീയക്കാരില്‍ നിന്നും ഉഴവൂര്‍ വിജയനെ വ്യത്യസ്തനാക്കിയത്. അതുകൊണ്ടു തന്നെ ഏതൊരു പരിപാടിക്കും ആളെ കൂട്ടുക എന്ന ചുമതല കൂടി ഉഴവൂര്‍ വിജയന്‍ ഏറ്റെടുത്തിരുന്നു.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ 2001 ല്‍ പാലാ മണ്ഡലത്തില്‍നിന്നു മല്‍സരിച്ചതാണ് നേരിട്ട ഏക നിയമസഭാ തിരഞ്ഞെടുപ്പ്. അത്തവണ പരാജയപ്പെട്ടു.
കോണ്‍ഗ്രസിന്റെ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എസിലേക്കു മാറിയ വിജയന്‍ മികച്ച സംഘാടകനായി ശ്രദ്ധ നേടി. കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എന്‍.സി.പിയുടെ തൊഴിലാളി വിഭാഗമായ ഐ.എന്‍.എല്‍.സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ പദവികളടക്കം നിരവധി ട്രേഡ് യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കി.
Leave a Reply