Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:28 am

Menu

Published on February 16, 2018 at 10:21 am

11,400 കോടിയോളം വെട്ടിച്ച് മുങ്ങിയ നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് സൂചന; ഭാര്യയും ബന്ധുക്കളും ഒപ്പം

nirav-modi-at-new-york-apartment

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി രൂപയോളം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യവസായി നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്ന് സൂചന.

തട്ടിപ്പിനെക്കുറിച്ച് ബാങ്ക് പരാതികൊടുക്കുകയും സി.ബി.ഐ കേസെടുക്കുകയും ചെയ്യുന്നതിന് മുന്‍പെ തന്നെ കേസിലെ പ്രധാനപ്രതികളെല്ലാം ഇന്ത്യ വിട്ടെന്ന് സി.ബി.ഐ ആണ് കണ്ടെത്തിയത്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുവഴിയാണു നീരവ് മോദി കോടികളുടെ തട്ടിപ്പുനടത്തിയത്. അവര്‍ പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനു തൊട്ടുമുന്‍പ് ഇദ്ദേഹം നാടുവിടുകയും ചെയ്തു.

ഇന്ത്യ വിട്ട നീരവ് മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്റെ എസെക്‌സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് താമസമെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മാഡിസണ്‍ അവന്യൂവിലുള്ള നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാര്‍ട്‌മെന്റെന്നും അവര്‍ പറയുന്നു.

ജനുവരി 29-നാണ് വെട്ടിപ്പിനെക്കുറിച്ച് ബാങ്ക് പരാതി നല്‍കിയത്. അതനുസരിച്ച് നീരവ് മോദി, ഭാര്യ അമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളി ചോക്സി എന്നിവര്‍ക്കെതിരെ ജനുവരി 31-ന് കേസെടുത്തിരുന്നു.

ജനുവരി ഒന്നിനാണ് നീരവും ബെല്‍ജിയന്‍ പൗരനായ സഹോദരന്‍ നിഷാലും രാജ്യംവിട്ടത്. യു.എസ്. പൗരത്വമുള്ള ഭാര്യ അമിയും ഗീതാഞ്ജലി ജൂവലറി ശൃംഖലയുടെ ഇന്ത്യയിലെ പ്രൊമോട്ടറും നീരവിന്റെ ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയും ജനുവരി ആറിന് ഇന്ത്യവിട്ടു.

ഒരുമിച്ചു പോകാതെ വെവ്വേറെ ദിവസങ്ങളില്‍ വ്യത്യസ്ത വിമാനങ്ങളില്‍ നീരവും ബന്ധുക്കളും രാജ്യംവിട്ടതു സംശയത്തിന് ഇട നല്‍കാതിരിക്കാനാണെന്നും വിലയിരുത്തലുണ്ട്.

കേസെടുത്തതിനു പിന്നാലെ നാലുപേര്‍ക്കുമെതിരേ സി.ബി.ഐ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. അതിനിടെ, നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും നടത്തിയ റെയ്ഡില്‍ 5,100 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു.

3.9 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നീരവിന്റെ മുംബൈ കാലഘോഡയിലുള്ള ഷോറൂം, ഓഫീസ്, കുര്‍ളയിലെ വസതി, ബാന്ദ്ര, ലോവര്‍ പരേല്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍, ഡല്‍ഹി ചാണക്യപുരിയിലെയും ഡിഫന്‍സ് കോളനിയിലെയും ഷോറൂമുകള്‍, സൂറത്തിലെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

നീരവ് മോദി, ഭാര്യ അമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ പി.എന്‍.ബി.യെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസ് ഫെബ്രുവരി അഞ്ചിന് സി.ബി.ഐ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദപരിശോധനയിലാണ് 11,400 കോടിയുടെ ക്രമക്കേടുകള്‍ പുറത്തുവന്നത്.

Loading...

Leave a Reply

Your email address will not be published.

More News