Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:19 am

Menu

Published on November 15, 2018 at 9:50 am

തൃപ്തി ദേശായിക്ക് മാത്രം പ്രത്യേക പരിഗണന നൽകില്ല ; പോലീസ്

no-special-security-for-trupti-desai-says-police-protection-during-sabarimala

തിരുവനന്തപുരം: ശബരിമലദര്‍ശനത്തിനെത്തുമ്പോള്‍ സുരക്ഷ ആവശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായി അയച്ച കത്തിന് പോലീസ് മറുപടി നല്‍കില്ല. എല്ലാ തീര്‍ഥാടകര്‍ക്കുമുള്ള സുരക്ഷ തൃപ്തിക്കും ഉറപ്പാക്കും. തൃപ്തിക്ക് പ്രത്യേക പരിഗണന ആവശ്യമില്ലെന്നാണ് പോലീസ് നിലപാട്.

മണ്ഡലകാലാരംഭത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നവിസ് തുടങ്ങിയവര്‍ക്ക് കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. അമ്പതു വയസ്സില്‍ താഴെ പ്രായമുള്ള മറ്റ് ആറ് വനിതകള്‍ക്കൊപ്പം നവംബര്‍ 17-ന് ശബരിമലയിലെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേരള പോലീസ് മേധാവിയ്ക്കും പുണെ പോലീസ് കമ്മിഷണര്‍ക്കും കത്തിന്റെ പകര്‍പ്പു സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളാ പോലീസ് നിലപാട് വ്യക്തമാക്കിയത്.

33-കാരിയായ തൃപ്തി ദേശായിക്കു പുറമേ, മനിഷ രാഹുല്‍ തിലേക്കര്‍(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാര്‍(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയുടെ സംഘത്തിലുള്ളത്. ശബരിമലയില്‍ കയറാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും അതുകൊണ്ട് മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ തനിക്ക് മുന്നൂറോളം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശബരിമല കയറാന്‍ ശ്രമിച്ചാല്‍ വെട്ടി നുറുക്കിക്കളയുമെന്നും തിരിച്ച് മഹാരാഷ്ട്രയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നുമാണ് ഭീഷണി. ഈ ഭീഷണികള്‍ പരിഗണിച്ച് തങ്ങള്‍ക്ക് മതിയായ പോലീസ് സുരക്ഷ ഒരുക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ തൃപ്തി ദേശായി ആവശ്യപ്പെട്ടു. വിമാനമിറങ്ങുമ്പോള്‍ത്തന്നെ അതിക്രമമുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് അവിടം മുതല്‍ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷണം ഒരുക്കണം. വിമാനത്താവളത്തില്‍നിന്ന് ശബരിമലയിലേക്ക് വാഹനസൗകര്യവും ഗസ്റ്റ് ഹൗസില്‍ താമസവും ഏര്‍പ്പെടുത്തണം. സുരക്ഷാ ചെലവിനു പുറമേ യാത്രാ, താമസ, ഭക്ഷണച്ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് ആവശ്യം.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ശനി ഷിഗ്ണാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധ നേടിയത്. ശബരിമലയിൽ മണ്ഡല മകരവിളക്കു കാലത്തു ദർശനത്തിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്ത യുവതികളുടെ എണ്ണം 800 ആയി. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ.

Loading...

Leave a Reply

Your email address will not be published.

More News