Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:56 am

Menu

Published on October 13, 2013 at 7:34 am

“ഫൈലിന്‍” സര്‍വനാശം വിതച്ച് എത്തി

odisha-packing-wind-speeds-of-around-200-kmph

ഭുവനേശ്വര്‍: പതിനാലുവര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് “ഫൈലിന്‍” സര്‍വനാശം വിതയ്ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ദിവസങ്ങള്‍ക്കുമുമ്പേ രൂപപ്പെട്ട് വെള്ളിയാഴ്ചയോടെ ശക്തിപ്രാപിച്ച ചുഴലിക്കാറ്റ് കണക്കുകൂട്ടിയതുപോലെ ഒഡിഷയിലെ ഗോപാല്‍പുരില്‍ ശനിയാഴ്ച രാത്രി ഒമ്പതോടെ എത്തി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ എത്തിയ കാറ്റ് പാരദ്വീപിലൂടെ ആന്ധ്രപ്രദേശിലെ കലിംഗപട്ടണത്തേക്ക് വീശി. കാറ്റിന്റെ വേഗത മണിക്കൂറില്‍ 220 കിലോമീറ്റര്‍ വരെയാകാമെന്ന് കാലാവസ്ഥാവകുപ്പ് ഡയറക്ടര്‍ ജനറല്‍ എല്‍ എസ് റാത്തോഡ് പറഞ്ഞു. വസ്തുവകകള്‍ക്ക് വ്യാപകനാശമുണ്ടായി; മരണസംഖ്യ വ്യക്തമല്ല. ശനിയാഴ്ച വൈകിട്ട് ആറരയോടെ തന്നെ ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് കാറ്റ് വീശിത്തുടങ്ങിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ഇവിടങ്ങളില്‍ 45 മുതല്‍ 65 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെ ഗോപാല്‍പുരിന് 25 കിലോമീറ്റര്‍ അകലെ ഫൈലിന്‍ എത്തി. ഓരോമണിക്കൂറിലും കാറ്റിന്റെ വേഗം ഗണ്യമായി വര്‍ധിക്കുന്നുണ്ടായിരുന്നു. കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ഒഡിഷയില്‍ ശനിയാഴ്ച മൂന്നുപേര്‍ മരിച്ചു. ജഗത്സിങ്പുരിലെ ഗരമ ഗ്രാമത്തില്‍ കാറ്റില്‍ മരം വീണ് മുപ്പത്തഞ്ചുകാരനും ഭുവനേശ്വറില്‍ മധ്യവയസ്കയും ഗഞ്ചം ജില്ലയിലെ ഖലികോട്ട് ഒരാളുമാണ് മരിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇതുവരെ കാണാത്തത്രയും വലിപ്പത്തില്‍ കനത്ത കാര്‍മേഘങ്ങള്‍ മൂടിയിരുന്നു. കാറ്റിന് ഫ്രാന്‍സിന്റെ വിസ്തൃതിയോളം വലിപ്പമുണ്ട്. ആന്ധ്രപ്രദേശിന്റെ വടക്കന്‍തീരങ്ങളിലും ഒഡിഷയുടെ തീരപ്രദേശങ്ങളിലും ശനിയാഴ്ച കനത്തമഴയുണ്ടായി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കാന്‍ ഇടയുള്ള പ്രദേശങ്ങളില്‍നിന്നുള്ള ആളുകളെ ഒഴിപ്പിക്കല്‍ ശനിയാഴ്ചയും തുടര്‍ന്നു. ആന്ധ്രയിലും ഒഡിഷയിലുമായി ആറുലക്ഷത്തോളംപേരെ അപകടസാധ്യതാ മേഖലകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഒഡിഷയില്‍ 4.5 ലക്ഷംപേരെയും ആന്ധ്രപ്രദേശില്‍ 1.5 ലക്ഷംപേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഒരാളുടെ ജീവന്‍പോലും നഷ്ടമാകാതെ ഈ പ്രകൃതിദുരന്തത്തോട് മല്ലിടുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഒഡിഷ മുഖ്യമന്ത്രി പറഞ്ഞു.പതിനയ്യായിരത്തിലേറെ ആളുകളുടെ ജീവന്‍ നഷ്ടമായ 1999ലെ ദുരന്തത്തില്‍നിന്ന് ഉള്‍ക്കൊണ്ട പാഠമാണ് തങ്ങളുടെ കൈമുതലെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിനെ നേരിടാന്‍ വലിയ സന്നാഹങ്ങളാണ് ഇരു സംസ്ഥാന സര്‍ക്കാരുകളും ഒരുക്കിയത്. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ദുരിതാശ്വാസക്യാമ്പുകളില്‍ നേരത്തെ സജ്ജമാക്കി. ദുരിതാശ്വാസക്യാമ്പുകളില്‍ ആളുകള്‍ക്ക് പാകംചെയ്ത ഭക്ഷണം നല്‍കി. ദേശീയ ദുരന്തനിവാരണ സേനയുടെ 28 സംഘം വെള്ളിയാഴ്ചയോടെതന്നെ ഒഡിഷയില്‍ ചുഴലിക്കാറ്റ് ബാധിക്കാന്‍ ഇടയുള്ള പ്രദേശങ്ങളില്‍ വിന്യസിച്ചു. ഒഡിഷയിലും ആന്ധ്രപ്രദേശിലും പശ്ചിമബംഗാളിലുമായി രണ്ടായിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഒഡിഷയില്‍ സിആര്‍പിഎഫിന്റെ 29 സംഘത്തെയും ആന്ധ്രപ്രദേശില്‍ 15 സംഘത്തെയും ബംഗാളില്‍ ഏഴ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള മൂന്ന് സിആര്‍പിഎഫ് സംഘം ശനിയാഴ്ച തിരിച്ചിട്ടുണ്ട്. ചുഴലിക്കാറ്റില്‍ വാര്‍ത്താവിതരണബന്ധങ്ങള്‍ തകര്‍ന്നാലും കുഴപ്പം സംഭവിക്കാത്ത സാറ്റലൈറ്റ് ഫോണുകളും വയര്‍ലെസ് സെറ്റുകളും സൈന്യത്തിന് നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News