Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം ഒന്‍പത് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘം ഇന്ന് ശ്രീനഗറിലേക്ക് പോകും. എന്നാല്‍ ശ്രീനഗറിലേക്ക് രാഷ്ട്രീയ നേതാക്കള്‍ വരരുതെന്ന് ജമ്മു കശ്മീര്‍ അധികൃതര്‍ നേതാക്കളോട് ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും ജമ്മുകശ്മീര്‍ ജനതയെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് കശ്മീര്‍ പൊതുഭരണ വകുപ്പ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നത് തടസ്സപ്പെടുത്താന്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കരുത്. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത് മറ്റു ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അത് കൊണ്ട് രാഷ്ട്രീയ നേതാക്കള്‍ സഹകരിക്കണമെന്നും അധികൃതര്‍ ട്വിറ്റിറിലൂടെ അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, കെ.സി. വേണുഗോപാല്‍, ആനന്ദ് ശര്‍മ, സി.പി.എം. നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ. നേതാവ് ഡി. രാജ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും. ആര്‍.ജെ.ഡി., എന്‍.സി.പി., ടി.എം.സി., ഡി.എം.കെ. എന്നീ പാര്‍ട്ടികളുടെ നേതാക്കളും രാഹുലിന് ഒപ്പമുണ്ടാകും.
പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അനുവദിക്കുമോയെന്ന കാര്യം വ്യക്തമല്ല. നേരത്തേ, ഗുലാംനബി ആസാദിനെ രണ്ടു തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കൊന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.
ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുല്‍ ഗാന്ധിയെ കശ്മീര്‍ താഴ്‌വര സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. കശ്മീരിലെ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിച്ചപ്പോഴായിരുന്നു സത്യാപാല്‍ മാലിക് രാഹുലിനെ ക്ഷണിച്ചത്. താങ്കള്‍ക്ക് ഇവിടെ വരാം. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി വിമാനം ഒരുക്കി നല്‍കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. രാഹുല്‍ ഇത് സ്വീകരിച്ചെങ്കിലും കശ്മീരില്‍ പിന്നീട് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗവര്‍ണര്‍ ക്ഷണം പിന്‍വലിക്കുകയുണ്ടായി.
Leave a Reply