Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കസബ വിവാദത്തിനു പിന്നാലെ തനിക്ക് നേരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടായെന്ന് നടി പാര്‍വതി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് സമാനമായി തന്നേയും ഉപദ്രവിക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും പാര്‍വതി പറഞ്ഞു.
സിനിമയില്‍ നിന്നും പോയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി. തന്റെ കരിയര്‍ തന്നെ അവസാനിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നവരും ഉണ്ടെന്നും ദ ന്യൂസ് മിനിറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കി.
മമ്മൂട്ടി നായകനായ കസബ എന്ന ചിത്രം സ്ത്രീവിരുദ്ധമാണെന്ന പാര്‍വതിയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നുവെന്നും അതൊരു സിനിമയാണെന്നു പോലും താന്‍ പറയുന്നില്ലെന്നുമായിരുന്നു പാര്‍വതിയുടെ കമന്റ്.
ഇതിനു പിന്നാലെ പാര്‍വതിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുകൊണ്ടും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചു. ഇതേത്തുടര്‍ന്ന് പാര്‍വതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമായിരുന്നു പാര്‍വതിയുടെ പരാതി.
കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടത് എങ്ങനെയാണോ അതുപോലെ തന്നെയും ആക്രമിക്കുമെന്ന തരത്തിലുള്ളതാണ് പല ഭീഷണിയെന്നും പാര്‍വതി പറയുന്നു.
സമൂഹത്തില്‍ സ്ത്രീകള്‍ അഭിപ്രായം പറഞ്ഞാല്‍ അവരോടുള്ള പ്രതികരണം എങ്ങനെയാകുമെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ഇത് തന്നെ സംബന്ധിക്കുന്ന കാര്യം മാത്രമല്ല. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനോ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യം തടയാനോ നമുക്ക് കഴിയില്ല.
പക്ഷേ എന്താണ് ദുരുപയോഗമെന്നും എന്തല്ല ദുരുപയോഗം എന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണമെന്നും പാര്‍വതി ചൂണ്ടിക്കാട്ടി.
പാര്‍വതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അപവാദപ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരമടക്കമാണ് പരാതി നല്‍കിയിരുന്നത്. വ്യക്തിഹത്യ നടത്താന്‍ സംഘടിതശ്രമം നടക്കുന്നതിനൊപ്പം ഭീഷണിസന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.
Leave a Reply