Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയ നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു.
ഗണേഷ് കുമാറിന്റെ പ്രസ്താവന കേസിനെ വഴി തെറ്റിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ഇത്തരം ശ്രമങ്ങളില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന അങ്കമാലി ജുഡീഷ്യല്‍ കോടതിയിലാണ് പൊലീസ് ഈ ആവശ്യം ഉന്നയിച്ചത്.
ജയിലിലെ സന്ദര്‍ശക ബാഹുല്യം അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഇതില്‍ കോടതി ഉടന്‍ ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോടതി ആലുവ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ച ശേഷമാണ് എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരും ദിലീപിന് പിന്തുണ അറിയിക്കണമെന്ന തരത്തില്‍ ഗണേഷ് കുമാര്‍ പ്രസ്താവന ഇറക്കിയത്.
കോടതിവിധി വരുന്നതുവരെ മുന്‍പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ലെന്നും ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തു വന്നപ്പോള്‍ തള്ളിപ്പറയുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അതിന്റെ പേരില്‍ പൊലീസ് കള്ളക്കേസ് എടുക്കുമെന്ന് പേടിച്ചോ, ഫോണ്‍ ചോര്‍ത്തുമെന്ന് പേടിച്ചോ, മാധ്യമങ്ങളില്‍ വൈകിട്ട് ചര്‍ച്ചയ്ക്ക് വരുന്ന ദിലീപിനോടു അസൂയയുള്ളവര്‍ അവഹേളിക്കുമെന്ന് ഭയന്നോ കാണാതിരിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
ഇതിന് ശേഷം അവധി ദിനം പോലും പരിഗണിക്കാരെ നിരവധി പേരാണ് ദിലീപിനെ സന്ദര്‍ശിക്കാനെത്തിയത്. ഇത് ആസൂത്രിതമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് കൂടിയായ ബൈജു പൗലോസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, ദിലീപിനെ സബ് ജയിലില്‍ സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ നിയന്ത്രണം ഏര്‍പെടുത്തി. ദിലീപിനെ കാണാന്‍ ഇന്നലെ അപേക്ഷ നല്കിയ പത്തോളം പേര്‍ക്ക് അനുമതി ലഭിച്ചില്ല. എന്നാല്‍, കുടുംബാംഗങ്ങളാരും ഇക്കൂട്ടത്തിലില്ലെന്ന് അധികൃതര്‍ പറഞ്ഞു.
Leave a Reply