Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യൂലാന്‍ ബാറ്റര്‍(മംഗോളിയ): മംഗോളിയയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുമായി ഇന്ത്യയുടെ 100 കോടി ഡോളര്‍ സഹായം. ത്രിരാഷ്ട്രസന്ദര്‍ശനത്തിന്റെ ഭാഗമായി മംഗോളിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനുപുറമെ, പ്രതിരോധം, സൈബര്‍ സുരക്ഷ, കൃഷി, ആരോഗ്യം, പാരമ്പര്യേതര ഊര്‍ജം തുടങ്ങിയ മേഖലകളിലായി 14 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതത്തില്‍ നിന്നു ബുദ്ധമത പ്രചരണത്തിനായി ഭാരതീയര്‍ മംഗോളിയയിലെത്തിയതും ആധ്യാത്മിക ജ്ഞാന സമ്പാദനത്തിനായി മംഗോളിയയില്‍ നിന്ന് ആളുകള്‍ ഭാരതത്തിലെത്തിയതും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.യുഎന്നിലും മറ്റ് അന്താരാഷ്ട്ര വേദികളിലും മംഗോളിയ എന്നും ഇന്ത്യയ്ക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. ലോകത്തിന് അവസരം നല്‍കുന്ന, സുഹൃത്തുക്കളെ സഹായിക്കാന്‍ സന്മനസുള്ള രാജ്യമാണ് ഭാരതം. ശ്രീബുദ്ധന്‍റെയും മഹാത്മാഗാന്ധിയുടെയും നാടിന്‍റെ അടിസ്ഥാന സ്വഭാവമാണിത്. വസുധൈവ കുടുംബകം എന്ന പൗരാണിക സങ്കല്‍പ്പത്തിന്‍റെ ഭാഗമാണിതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു
സ്വാതന്ത്ര്യം ലഭിച്ച് ആറു പതിറ്റാണ്ടു പിന്നിട്ട ഇന്ത്യയും 25 വയസ്സുമാത്രമുള്ള മംഗോളിയയും തമ്മിലുള്ള ബന്ധത്തില്‍ ഇത് നാഴികക്കല്ലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യ-പസഫിക് മേഖലയുടെ വികസനത്തിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുതല്‍ക്കൂട്ടാകുമെന്ന് ചിമേദ് സൈക്കാന്‍ബിലെഗ് അഭിപ്രായപ്പെട്ടു.
മംഗോളിയന്‍ പ്രസിഡന്റ് സാക്കിയാഗിന്‍ എല്‍ബെഗ്‌ദോര്‍ഗുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ചൈനയിലെ ത്രിദിനസന്ദര്‍ശനത്തിനു ശേഷം ശനിയാഴ്ചയാണ് അദ്ദേഹം ഇവിടെയെത്തിയത്.