Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയെ അഭിനയിപ്പിക്കാന്‍ പല നിര്‍മ്മാതാക്കളും തയ്യാറാകുന്നില്ലെന്ന ആരോപണവുമായി സംവിധായിക വിധു വിന്‍സെന്റ്.
പല നിര്‍മ്മാതാക്കള്‍ക്കും തങ്ങളുടെ സിനിമയില്‍ അവരെ അഭിനയിപ്പിക്കാന്‍ ഭയമാണെന്നും വിധു വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സിനിമയിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തിലായിരുന്നു ഓപ്പണ്‍ ഫോറത്തിലെ ചര്‍ച്ച. പുരോഗമന സമൂഹമെന്ന് നടിക്കുമ്പോഴും നമ്മള്‍ പുരുഷ മേധാവിത്വത്തിന് അടിപ്പെട്ടിരിക്കുന്ന സമൂഹമാണ് എന്നതാണ് വാസ്തവമെന്നും വിധു വിന്‍സെന്റ് പറയുന്നു.
ഈ അടുത്ത കാലത്ത് ആക്രമിക്കപ്പെട്ട നടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യാന്‍ താന്‍ ഉദ്ദേശിച്ചിരുന്നു. ഇതിനായി ഒരു നിര്‍മ്മാതാവിനെയും സമീപിച്ചു. എന്നാല്‍ നടിയുടെ എതിര്‍പക്ഷം ആ സിനിമയെ തകര്‍ക്കുമെന്നും കൂവിത്തോല്‍പ്പിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
കൂടാതെ മറ്റു പല നിര്‍മ്മാതാക്കളോടും സംസാരിച്ചെങ്കിലും അതിനുള്ള സാധ്യത പോലുമില്ലെന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണമെന്നും വിധു വിന്‍സെന്റ് ചൂണ്ടിക്കാട്ടി. പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ മടിക്കുകയാണെന്നും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉണ്ടാകാനിടയായ സാഹചര്യം അതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ട് ഇങ്ങനെയെന്ന് നാം ചിന്തിക്കണം. സിനിമ കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നതില്‍ ഭൂരിഭാവും പുരുഷന്‍മാരാണ്. സ്ത്രീകള്‍ വരുന്നുണ്ടെങ്കിലും അത് പുരുഷന്മാര്‍ക്കൊപ്പമാണ്. അതുകൊണ്ട് പുരുഷന്‍മാരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കളും അതുവഴി സംവിധായകരും നിര്‍ബന്ധിതരാകുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീ കേന്ദ്രീകൃത സിനിമ എടുക്കുമ്പോള്‍ പോലും അതില്‍ ഒരു മുഖ്യധാരാ നായകന്‍ ഉണ്ടാകണമെന്ന് നിര്‍മ്മാതാക്കള്‍ ശാഠ്യം പിടിക്കുന്നതും ഇക്കാരണത്താലാണ്. സംവിധായകരും നിര്‍മ്മാതാക്കളുമായ സ്ത്രീകള്‍ പോലും ഇത് അംഗീകരിക്കേണ്ടി വരികയാണെന്നും വിധു വിന്‍സെന്റ് പറഞ്ഞു.
Leave a Reply