Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:21 pm

Menu

Published on September 2, 2017 at 3:18 pm

കുരുക്ക് മുറുകുന്നോ; കാവ്യയുടെ സഹോദരന്റെ വിവാഹത്തില്‍ സുനി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

pulser-suni-in-kavya-brother-marriage

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, നടി കാവ്യാ മാധവന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്.

കാവ്യയുമായും കുടുംബവുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്റെ കല്യാണത്തിന് പള്‍സര്‍ സുനി സജീവമായി പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദം പൊളിക്കാന്‍ ഈ ദൃശ്യങ്ങള്‍ സഹായകമാകുമെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം കാവ്യയെ അറസ്റ്റ് ചെയ്യാന്‍ നീക്കമുള്ളതായും സൂചനയുണ്ട്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുരുക്കിലാക്കാന്‍ പൊലീസിന് ലഭിച്ച തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുഖ്യപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന ദിലീപിനെ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ പൊലീസ് കാണിച്ചതായും റിപ്പോര്‍ട്ടുണ്ട്.

2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ടെന്നും പറയപ്പെടുന്നു.

പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതായും പൊലീസ് പറയുന്നു. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു.

മാത്രമല്ല നടി ആക്രമിക്കപ്പെട്ടതിനുശേഷം കാവ്യയുടെയും ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദിലീപ് ശ്രദ്ധാപൂര്‍വം ഫോണ്‍ ഉപയോഗിച്ചെങ്കിലും കാവ്യ ബന്ധുക്കളുമായി സംസാരിച്ച പല കാര്യങ്ങളും പൊലീസിന് പിടിവള്ളിയായി.

അതേസമയം, ദിലീപ് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ ആറിനാണ് ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധദിനം. അന്ന് രാവിലെ ഏഴു മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News