Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 4:15 am

Menu

Published on December 22, 2016 at 8:49 am

സഹാറ ഗ്രൂപ്പുകളില്‍ നിന്നും മോദി കോടികള്‍ കോഴവാങ്ങി:രാഹുല്‍ഗാന്ധി

rahul-gandhi-slams-pm-in-gujarat

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി സഹാറ, ബിർള കമ്പനികളിൽനിന്നു 40 കോടി രൂപ കോഴ വാങ്ങിയെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിലെ മെഹ്സാനയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

2013 ഒക്ടോബർ മുതൽ 2014 ഫെബ്രുവരി വരെ മോദിക്കു സഹാറ ഉദ്യോഗസ്‌ഥർ ഒമ്പതു തവണ കോഴപ്പണം നല്കിയെന്നാണ് അവർ വരുമാന നികുതി ഉദ്യോഗസ്‌ഥർ മുൻപാകെ മൊഴി നല്കിയതെന്നും രാഹുൽ കൂട്ടിച്ചേർത്തു. കോമൺ കോസ് എന്ന സർക്കാരിത സംഘടനയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ നല്കിയ പരാതിയിലെ വിവരങ്ങളാണു രാഹുൽഗാന്ധി ഉന്നയിച്ചത്.

മതിയായ തെളിവില്ലെന്ന പേരിൽ പരാതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ച് കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഇതാദ്യമായാണ് മോദിക്കെതിരേ ഗുരുതരമായ അഴിമതി ആരോപണം കോൺഗ്രസ് ഉയർത്തുന്നത്. ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാണു കോൺഗ്രസിന്റെ ആവശ്യം.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് വരുമാന നികുതി ഉദ്യോഗസ്‌ഥർ സഹാറ കമ്പനിയിൽ റെയ്ഡ് നടത്തിയത്. റിക്കാർഡ് പ്രകാരം ബിർള ഗ്രൂപ്പ് 12 കോടി രൂപ മോദിക്കു നല്കിയിട്ടുണ്ട്. ഇതിന്റെ തെളിവുകൾ രണ്ടര വർഷമായി വകുപ്പ് പൂഴ്ത്തിവച്ചിരിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. മോദി വൻ അഴിമതി നടത്തിയതിനു തന്റെ പക്കൽ തെളിവുണ്ടെന്നു കഴിഞ്ഞയാഴ്ച രാഹുൽ വെളിപ്പെടുത്തിയിരുന്നു. ആരോപണം ലോക്സഭയിൽ ഉന്നയിക്കാനുള്ള തീരുമാനം വൻ ഭൂകമ്പമുണ്ടാകുമെന്നു കണ്ട് പിൻവലിക്കുകയായിരുന്നുവെന്നാണു രാഹുൽ പറഞ്ഞത്. ജനത്തെ അവിശ്വസിച്ച മോദി അവരെ ക്യൂവിൽ നില്ക്കാൻ പ്രേരിപ്പിക്കുകയാണ്. അവരെ സാക്ഷിയാക്കിയാണ് താൻ ഈ ചോദ്യം ഉന്നയിക്കുന്നതെന്നും ശരിയാണെങ്കിൽ അതേക്കുറിച്ച് മോദി അന്വേഷിക്കുമോ എന്നും രാഹുൽ ചോദിച്ചു.

എന്നാൽ, രാഹുലിന്റെ ആരോപണം അടിസ്‌ഥാനരഹിതമാണെന്നും മോദി ഗംഗപോലെ ശുദ്ധമാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. അഗസ്ത വെസ്റ്റ്ലാൻഡ് അഴിമതിക്കേസിൽ കോൺഗ്രസ് നേതാക്കളുടെ പേരുകളുള്ളതിനാൽ അതു മൂടിവയ്ക്കാൻ രാഹുൽ ശ്രമിക്കുകയാണെന്നായിരുന്നു രവിശങ്കർ പ്രസാദ് ഇതേക്കുറിച്ചു പ്രതികരിച്ചത്.

മോദി ഗംഗയാണെങ്കിൽ അതു മലിനമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയുടെ മറുപടി. മോദി കോഴപ്പണം വാങ്ങിയെങ്കിൽ അത് അന്വേഷിക്കാൻ വരുമാന നികുതി ഉദ്യോഗസ്‌ഥർ തയാറാകണം. അതിനു മോദി ചങ്കൂറ്റം കാട്ടുമോ എന്നും സുർജേവാല ചേദിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News