Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചണ്ഡിഗഢ്: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും അനുയായികള്‍ അഴിച്ചുവിട്ട കലാപം നിയന്ത്രണവിധേയം.
സംഘര്‍ഷത്തിനിടെ നിരവധി ദേരാ സച്ചാ സൗദ അനുയായികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 32 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. 15 വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ 28 ന് ശിക്ഷ വിധിക്കും. കോടതി വിധി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കലാപത്തിന് സമാനമായ സംഭവങ്ങള്‍ പഞ്ചാബിലും ഹരിയാനയിലുമുണ്ടായത്.
ഹരിയാനയിലെയും പഞ്ചാബിലെയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലായിടത്തും പൊലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മസേനയും അര്‍ധസൈനികരും റോന്തുചുറ്റുന്നുണ്ട്.
ഇരു സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഏഴു ട്രെയിനുകള്‍ വെസ്റ്റേണ്‍ റെയില്‍വേ റദ്ദാക്കി. രണ്ടു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

ആക്രമണങ്ങളുണ്ടായ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ രാവിലെ ഉന്നതതലയോഗം ചേരും. പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കും.
പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി യോഗം വിളിച്ചത്. തിങ്കളാഴ്ച റാം റഹിം സിങ്ങിന്റെ ശിക്ഷ വിധിക്കാനിരിക്കേ വീണ്ടും കലാപത്തിനു സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. ഇതു നേരിടാനുള്ള മുന്‍കരുതലുകളും യോഗം ചര്‍ച്ചചെയ്യും.
അക്രമസാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ജനക്കൂട്ടത്തിന് സംഘടിക്കാന്‍ അവസരം നല്‍കിയ പിഴവിന് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. 32 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ നൂറുകണക്കിന് വാഹനങ്ങള്‍ അഗ്‌നിക്കിരയായി.
സിബിഐ കോടതി സ്ഥിതിചെയ്യുന്ന പഞ്ച്കുളയില്‍ മാത്രം 20 ലധികം പേര്‍ കൊല്ലപ്പെട്ടു. നഗരം കത്തി. വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി. സര്‍ക്കാര്‍ ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. സ്റ്റേഷനുകള്‍ക്ക് തീയിട്ടു.
Leave a Reply