Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം : കുമരകത്ത് ഇറച്ചിക്കോഴികളിലും പക്ഷിപ്പനി കണ്ടെത്തി. സ്വകാര്യ ഫാമുകളിലെ കോഴികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പക്ഷിസങ്കേതങ്ങളിലും മൃഗശാലകളിലും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളില്‍ മൃഗങ്ങള്‍ക്ക് ഇറച്ചിക്കോഴി നല്‍കില്ല. പക്ഷിസങ്കേതങ്ങളില്‍ ദേശാടനപക്ഷികള്‍ ചേക്കേറുന്ന മരങ്ങളുടെ കൊമ്പുകള്‍ വെട്ടി ഉയരം കുറയ്ക്കാനും നിര്‍ദേശമുണ്ട്. അയ്മനത്തും തിരുവല്ലയിലും ഇന്നു താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. കോട്ടയം അയ്മനത്ത് അജയന് കരിമടത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ 500 താറാവുകളാണ് ചത്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇദ്ദേഹത്തിന്റെ ഫാമിലെ മൂവായിരത്തോളം താറാവുകള്‍ ചത്തിരുന്നു. പഞ്ചായത്ത് അധികൃതര്‍ അയ്മനത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആലപ്പുഴ ജില്ലയ്ക്ക് പുറമെ പത്തനംതിട്ടയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ തിരുവല്ല താലൂക്കില്‍ നൂറോളം താറാവുകളാണ് പക്ഷിപ്പനി ബാധിച്ചത് ചത്തത്. ആലുംതുരുത്തി, വേങ്ങല്‍, പെരിങ്ങര എന്നിവിടങ്ങളിലാണ് താറാവുകള്‍ ചത്തൊടുങ്ങിയത്. രോഗം സ്ഥിരീകരിച്ച അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദല്‍ഹിയില്‍ നിന്ന് ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘം ഇന്ന് പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മനുഷ്യരിലേക്ക് പകരുന്നതാണോ എന്ന് പരിശോധിക്കാനാണ് കേന്ദ്രസംഘം എത്തുന്നത്. പക്ഷിപ്പനി തീവ്രതയേറിയതാണെന്ന് മൃഗസംരക്ഷണവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസായതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ ഇന്നു ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Leave a Reply