Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കഴിഞ്ഞ നവംബറിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ ഭാഗികമായി പിന്‍വലിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തുകയോ നിയന്ത്രിക്കുയോ ചെയ്തിട്ടുണ്ടെന്ന് എസ്.ബി.ഐ റിസര്‍ച്ച് ടീമിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
എസ്.ബി.ഐ ഇക്കോഫ്ളാഷ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം അച്ചടിച്ച നോട്ടുകളില്‍ 2463 ബില്യണ്‍ രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ വിപണിയില്‍ എത്തിച്ചിട്ടില്ലെന്ന് സൂചനയുണ്ടായിരുന്നു.
ധനമന്ത്രാലയം ലോക്സഭയില്‍ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് സൗമ്യ കാന്ത് ഘോഷ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
നോട്ട് നിരോധനത്തിനു ശേഷമാണ് 2000 ത്തിന്റെ നോട്ടുകള്‍ ആര്‍ ബി ഐ വിപണിയിലെത്തിച്ചത്. എന്നാല്‍ ജനങ്ങള്‍ക്ക് ആവശ്യമായിരുന്നത് കുറഞ്ഞമൂല്യത്തിലുള്ള നോട്ടുകളായിരുന്നു.
ഡിസംബര്‍ എട്ടിലെ കണക്ക് പ്രകാരം 73,0800 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. എന്നാല്‍ മാര്‍ച്ച് വരെ വിപണിയിലുള്ള മൂല്യം കുറഞ്ഞ നോട്ടുകള്‍ ഏകദേശം 35,0100 കോടിയുടേതാണ്. അതേസമയം ആര്‍ ബി ഐ 1696 കോടി 500 ന്റെ നോട്ടുകളും 365.4 കോടി 2000 ത്തിന്റെ നോട്ടുകളുമാണ് ഡിസംബര്‍ എട്ട് വരെ അച്ചടിച്ചത്. ഇത് രണ്ടും കൂടി ഏകദേശം 15,78,700 കോടി മൂല്യം വരും.
നോട്ട് നിരോധനത്തിന് തൊട്ടു പിന്നാലെ ആര്‍ബിഐ വന്‍തോതില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി 2000 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ണമായും നിര്‍ത്തുകയോ വളരെ ചുരുങ്ങിയ അളവിലേക്ക് നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെന്നുമാണ് എസ്ബിഐയുടെ പഠനറിപ്പോര്‍ട്ട് പറയുന്നത്.
Leave a Reply