Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: ആര്‍.എസ്.എസ് ‘അവിവാഹിതരുടെ ക്ലബ്ബ്’ ആണെന്ന് മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അക്ബറുദ്ദീന്‍ ഉവൈസി. ആര്‍.എസ്.എസുകാര്‍ സ്വയം അവിവാഹിതരായതിനാല്‍ കൂടുതല്‍ കുട്ടികളെ ഉല്പാദിപ്പിക്കണമെന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ലെന്നും ഉവൈസി പറയുന്നു.വിവാഹിതരല്ലാത്ത ആര്‍എസ്എസ് പ്രചാരകര്‍ക്ക് ഹിന്ദുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ഉപദേശിക്കാന്‍ അവകാശമില്ലെന്നും ഉവൈസി പറഞ്ഞു.രാജ്യത്തെ മുസ്ലീം വിഭാഗക്കാര്‍ ഒന്നിക്കണം. അതേസമയം സാമുദായിക രാഷ്ട്രീയത്തെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.ഓരോ ഹിന്ദു സ്ത്രീയും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ബിജെപി നേതാവ് സാക്ഷി മഹാരാജിന്റെ വിവാദ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ പ്രതികരണം.’ആര്‍എസ്എസ് പ്രചാരകര്‍ ഒരിക്കലും വിവാഹിതരാകില്ല. അവരുടേത് അവിവാഹിതരുടെ ക്ലബ് ആണ്. വിവാഹം കഴിച്ച് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറല്ല. ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാത്തവരാണ് നാല് കുട്ടികള്‍ വേണമെന്ന് ഉപദേശിക്കുന്നത് ‘ ഹൈദരാബാദില്‍ സംഘടനാ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ഉവൈസി പറഞ്ഞു.ഒരു കുടുബത്തില്‍ നാല് കുട്ടികള്‍ വേണമെന്ന് ആര്‍എസ്എസ് പറയുന്നു. കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ അവര്‍ക്ക് വിദ്യാഭ്യാസവും, ജോലിയും, വീടും മറ്റു പ്രാഥമിക സൗകര്യങ്ങളും നല്‍കാന്‍ നിങ്ങള്‍ തയ്യാറാകുമോ എന്നും ഉവൈസി ചോദിച്ചു.കഴിഞ്ഞ കാലങ്ങളില്‍ രാജ്യം വളരെ സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുസ്ലീമുകള്‍ ഒന്നിക്കണം. ഒന്നിച്ചില്ലെങ്കില്‍ മുസ്ലീമുകളുടെ വ്യക്തിത്വം അപകടത്തിലാകുമെന്നും ഉവൈസി പറഞ്ഞു. ഓള്‍ ഇന്ത്യ മജ്‌ലീസ് ഇ ഇതിഹാദുല്‍ മുസ്ലിമിന്റെ പ്രവര്‍ത്തനം പശ്ചിമ ബംഗാള്‍, കര്‍ണാടക, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ദളിത് വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Leave a Reply