Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:19 pm

Menu

Published on February 4, 2019 at 10:32 am

മോഹൻലാലിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസ്

rss-bjp-considers-mohanlal-as-candidate

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍,കെ സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്എസിന് താല്‍പര്യം. പൊതുസമൂഹത്തിന് ഈ പേരുകളിലുള്ള താത്പര്യം അറിയാന്‍ സര്‍വേ പുരോഗമിക്കുന്നു. ജീവന്‍മരണ പോരാട്ടമായതിനാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിനുള്ള ആര്‍എസ്എസ് സര്‍വേ നടക്കുകയാണ്.വിചാര കേന്ദ്രം അടങ്ങുന്ന ആര്‍എസ് എസ് സംവിധാനത്തിന് താല്‍പര്യമുള്ള പേരുകളാണ് പൊതു ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്.

കുമ്മനം രാജശേഖരനെ കൂടാതെ, നടന്‍ മോഹന്‍ലാല്‍, കെ. സുരേന്ദ്രന്‍ എന്നീ പേരുകളോടുള്ള തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ താത്പര്യമാണ് സംഘത്തിന് അറിയേണ്ടത്.മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന് പൊതുചര്‍ച്ച ഉയര്‍ന്നു വന്നതും സര്‍വേയുടെ ഭാഗമായാണ്.പ്രവര്‍ത്തകരുടേയും, പൊതുജനങ്ങളുടേയും, സാമുദായ വിഭാഗങ്ങളുടേയും അഭിപ്രായം ശേഖരിച്ച് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും.

കുമ്മനത്തിന്റേയും കെ സുരേന്ദ്രന്റേയും കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം മനസുവച്ചാല്‍ മതി. എന്നാല്‍ മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇത് പോര. രാഷ്ട്രീയ പ്രവേശ കാര്യത്തില്‍ തീരുമാനം മോഹന്‍ലാലിന്റേത് മാത്രമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത് അശോക് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയക്കാരനായി ബ്രാന്‍ഡ് ചെയ്യാന്‍ മോഹന്‍ലാല്‍ ആഗ്രഹിക്കില്ലെന്നാണ് സുഹൃത്തുക്കള്‍ കരുതുന്നത്.

മോഹന്‍ലാല്‍ മത്സരത്തിനിറങ്ങിയാല്‍ വിജയം ഉറപ്പാണെന്ന്കൂടി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നതിനാല്‍ ചര്‍ച്ച സജീവമാക്കുകയാണ്. തിരുവനന്തപുരത്ത് വിജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കാത്ത ആര്‍എസ്എസിന്റെ നോട്ടവും ലാല്‍ തന്നെയാണ്. തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എയും വ്യക്തമാക്കിയിരുന്നു.

‘പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ പരിഗണനയിലുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല, ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല’. എന്നായിരുന്നു രാജഗോപാലിന്റെ പ്രസ്താവന.

നേരത്തെയും മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ പലവട്ടം പിന്തുണച്ചിട്ടുള്ള താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News