Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്‌കോ∙ റഷ്യയിലെ സൈബീരിയയിൽ കെമെറോവോ നഗരത്തിലെ തിരക്കേറിയ ഷോപ്പിങ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 64 ആയി. അവരിൽ 11 കുട്ടികളും ഉൾപ്പെടുന്നു. ഷോപ്പിങ് മാളിന്റെ നാലാം നിലയിൽ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണു തീപടർന്നത്. സിനിമാ തിയറ്റർ സമുച്ചയവും കുട്ടികളുടെ കളിസ്ഥലവും സ്ഥിതിചെയ്യുന്നതിനാൽ നല്ല തിരക്ക് സദാ സമയം അനുഭവപ്പെടാറുണ്ട്. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നടിഞ്ഞു അതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. 12 മണിക്കൂറിനുശേഷമാണു തീ പൂർണമായി അണയ്ക്കാൻ സാധിച്ചത്. അഗ്നിബാധയിൽ നിന്നും രക്ഷപ്പെടാൻ നാലാം നിലയിൽനിന്നു താഴേക്കു ചാടിയ ഒരു 11 വയസ്സ് പ്രായം വരുന്ന ഒരു കുട്ടി അടക്കം 11 പേർ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ പതിനൊന്നുകാരന്റെ മാതാപിതാക്കളും ഇളയ സഹോദരനും മരിച്ചു. അപര്യാപ്തമായ സുരക്ഷാക്രമീകരണങ്ങളാണു തീപിടിത്തത്തിനു കാരണമായതെന്ന് അന്വേഷണസംഘം പറഞ്ഞു. കെട്ടിടത്തിലെ അപകടമുന്നറിയിപ്പു സംവിധാനം, തീപടർന്നതോടെ ഒരു സുരക്ഷാ ഗാർഡ് സ്വിച് ഓഫ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. മാളിൽ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കുന്ന വാതിലുകളും തുറക്കാനാവാത്ത നിലയിലായിരുന്നു. വൈദ്യുതിത്തകരാറാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. കുട്ടികൾ കളിക്കുന്നതിനിടെ തീ പടർന്നതാണെന്നും പറയുന്നു. മാൾ ഉടമ അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Leave a Reply