Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:46 am

Menu

Published on November 30, 2018 at 11:56 am

ശബരിമലയിൽ അന്നദാനത്തിന് ആര്‍എസ്എസ് സംഘടനയ്ക്ക് അനുമതി

sabarimala-annadanam-rss

ശബരിമല: ശബരിമലയില്‍ അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് അനുമതി. പമ്പയിലും നിലയ്ക്കലും നല്‍കുന്ന അന്നദാനത്തിന്റെ ചുമതലയാണ് സംഘപരിവാര്‍ അനുകൂല സംഘടനയായ അയ്യപ്പ സേവാ സമാജത്തെ ഏല്‍പ്പിക്കുന്നത്. ദേവസ്വം ബോര്‍ഡ് സംഘടനയുമായി കരാര്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ ശക്തമായ നിലപാടാണ് സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിച്ചിരുന്നത്. കാണിക്ക ഇടരുതെന്ന പ്രചരണം അടക്കമുള്ള പ്രതിഷേധ നിലപാടായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. ഇതിനിടയിലാണ് സംഘപരിവാറിന് അനുകൂലമായ നീക്കം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

2015ന് ശേഷം ദേവസ്വം ബോര്‍ഡ് സ്വന്തം നിലയില്‍ അന്നദാനം നടത്തിയാല്‍ മതിയെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അതിനു ശേഷം അന്നദാനത്തിനുള്ള പണം ദേവസ്വം ബോര്‍ഡ് മറ്റു വ്യക്തികളില്‍ നിന്നും സംഘടനകളില്‍നിന്നും സ്വീകരിക്കുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് നേരിട്ടായിരുന്നു അന്നദാനം നടത്തിയിരുന്നത്.

അന്നദാനത്തിനുള്ള ചെലവ് പണമായി നല്‍കുന്നതിനു പകരം അന്നദാനത്തിനുള്ള സാധനങ്ങള്‍ ദേവസ്വം ബോര്‍ഡ് നല്‍കാനാണ് തീരുമാനം. 2016ല്‍ അന്നദാനത്തിനായി ഏഴരക്കോടി രൂപയായിരുന്നു ദേവസ്വം ബോര്‍ഡിന് ചെലവായിരുന്നത്. 2017ല്‍ അയ്യപ്പ സേവാ സംഘം അന്നദാനം നടത്തിയപ്പോള്‍ നാലരക്കോടി രൂപയായിരുന്നു ചെലവ്.

അതേസമയം, അന്നദാനത്തിന് ഒരു സംഘടനയ്ക്കും കരാര്‍ നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും ഉത്തരവാദിത്വത്തിലുമാണ് ശബരിമലയില്‍ അന്നദാനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘടനകളുടെയും വ്യക്തികളുടെയും സഹായം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്നദാനത്തിന് വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും അന്നദാന ഫണ്ടിലേക്ക് സഹായം സ്വീകരിക്കാറുണ്ട്. സഹായം പണമായി സ്വീകരിക്കുന്നതിനു പകരം സേവനമായി നല്‍കാമെന്ന് ചില സംഘടനകള്‍ പറഞ്ഞതു പ്രകാരം അവരുടെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ കരാര്‍ കൊടുത്തതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News