Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 1:44 pm

Menu

Published on January 14, 2019 at 10:31 am

ശബരിമലയിൽ മകരവിളക്ക് ഇന്ന്

sabarimala-makaravilakk

ശബരിമല: എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കാണ്. എല്ലാ നാവുകളിലും അയ്യപ്പ മന്ത്രങ്ങളാണ്. ഭക്തർക്ക് ദർശന സുകൃതത്തിന്റെ പുണ്യവുമായി ഇന്നു മകരവിളക്ക്. ഹരിഹരാത്മജന് മകരസംക്രമ സന്ധ്യയിൽ ചാർത്താനായി പന്തളം കൊട്ടാരത്തിൽ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയിൽ നിന്ന് ദേവസ്വം അധികൃതർ തീവെട്ടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാർത്തി വൈകിട്ട് 6.30ന് ദീപാരാധന. തുടർന്നു പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയും.

നാവിലും മനസിലും ശരണമന്ത്രങ്ങളുമായി മലകയറി പടികയറി എത്തിയ ഭക്തർ മകരസംക്രമ സന്ധ്യയുടെ പുണ്യം നുകരാൻ പർണശാലകൾ കെട്ടി കാത്തിരിക്കുന്നു. മകരജ്യോതി കാണാവുന്ന 21 കേന്ദ്രങ്ങളിലും ഭക്തർ തമ്പടിച്ചിട്ടുണ്ട്. ബിഎസ്എൻഎലിന് എതിർവശം മുതൽ ജലസംഭരണി വരെയുള്ള ഭാഗത്താണ് കൂടുതൽ പർണശാലകൾ. കുന്നാറിനു പോകുന്ന വഴിയുടെ ഒരുവശത്ത് പർണശാലയുണ്ടെങ്കിലും കാട്ടാനയുടെ ശല്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വനപാലകർ മുന്നറിയിപ്പ് നൽകിയതിനാൽ തീർഥാടകർക്ക് ആശങ്കയുണ്ട്.

പാണ്ടിത്താവളം പൊലീസ് പരിശോധനാ കേന്ദ്രത്തിനും മാഗുണ്ട അയ്യപ്പനിലയത്തിനും മധ്യേയുള്ള നിരപ്പായ സ്ഥലം ഇത്തവണ തമിഴ്നാട്ടിൽ നിന്നുള്ളവരാണ് കയ്യടക്കിയത്. മുൻവർഷങ്ങളിൽ മലയാളികളായിരുന്നു ഇവിടെ. ദർശനം കോംപ്ലക്സിന്റെ നിരപ്പായ മുറ്റം, ജലസംഭരണി മുതൽ ഉരക്കുഴി ഭാഗം വരെയുളള വഴിയുടെ രണ്ട് വശം എന്നിവിടങ്ങളിൽ കർണാടകക്കാരാണ് കൂടുതൽ. പുതിയ അന്നദാന മണ്ഡപത്തിനു മുൻവശത്തും മാളികപ്പുറം ഭാഗത്തും ആന്ധ്രയിൽ നിന്നുള്ളവരാണ് ഏറെയും. കൊപ്രാക്കളം,കെഎസ്ഇബി ഓഫിസിനു പിൻവശം, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്,ഡോണർ ഹൗസ് എന്നിവിടങ്ങളുടെ പരിസരം എന്നിവിടങ്ങളിലും ധാരാളം പേർ വിരിവച്ചിട്ടുണ്ട്. ഇത്തവണ മലയാളികൾ കുറവാണ്.

മകരസംക്രമ മുഹൂർത്തത്തിൽ കിഴക്കൻ ചക്രവാളത്തിൽ ഉദിക്കുന്ന നക്ഷത്രമാണ് മകരജ്യോതിയെന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. എന്നാലും എല്ലാവരും നോക്കുന്നത് പൊന്നമ്പലമേട്ടിലേക്കാണ്. ക്ഷേത്രത്തിനു നേരെ കിഴക്കാണ് പൊന്നമ്പലമേട്. ആകാശത്തുമുട്ടി നിൽക്കുന്നതു പോലെ തോന്നുന്ന മല. അതിൽ ക്ഷേത്രത്തിന്റെ വലതുവശത്തെ ചരിവിലാണ് പൊന്നമ്പലമേട്. സന്നിധാനത്തു നിന്നാൽ പൊന്നമ്പലമേട് ശരിക്കും കാണാം. ഒരാഴ്ചയായി നല്ല തെളിഞ്ഞ അന്തരീക്ഷമാണ്. അതിനാൽ ഇത്തവണ മങ്ങൽ ഇല്ലാതെ ജ്യോതി ദർശനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

∙ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന കഴിയും വരെ തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കില്ല. ഉച്ചയ്ക്കു ശേഷം തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തുംവരെ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് തീർഥാടകരെ വിടില്ല

Loading...

Leave a Reply

Your email address will not be published.

More News