Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:51 am

Menu

Published on October 17, 2018 at 11:29 am

നിലയ്ക്കലില്‍ സമരം ; പോലീസ് സേന ശക്തമാക്കി

sabarimala-protest-restarts-at-nilakkal

ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ സമരം നിലയ്ക്കലില്‍ പുനരാരംഭിച്ചു. രാവിലെ പോലീസ് സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും സമരക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും ഒമ്പത് മണിയോടെയാണ് സ്ഥലത്തെത്തിയ പ്രതിഷേധക്കാര്‍ സമരം പുനരാരംഭിച്ചത്‌. പോലീസ് പന്തല്‍ പൊളിച്ചുമാറ്റിയ സ്ഥലത്തുതന്നെ അയ്യപ്പ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തല്‍ കെട്ടി സമരം പുനരാരംഭിച്ചിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ സമരക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നു. റോഡിലിരുന്ന് ശരണം വിളിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് റോഡില്‍നിന്ന് മാറ്റി.

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് സമരം. കോണ്‍ഗ്രസിന്റെ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. നേതാക്കളായ കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, പിസി ജോര്‍ജ് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പമ്പയില്‍ തന്ത്രി കുടുംബത്തിന്റെ നാമജപ യജ്ഞവും നടക്കുന്നുണ്ട്. കനത്ത സുരക്ഷാ സന്നാഹമാണ് നിലയ്ക്കലിലും പമ്പയിലും പോലീസ് ഒരുക്കിയിട്ടുള്ളത്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമായി വനിതാ പോലീസുകാര്‍ അടക്കം 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എസ്പിമാര്‍ പോലീസ് സന്നാഹത്തിന് നേതൃത്വം നല്‍കുന്നുണ്ട്. നിയമം ലംഘിച്ചാല്‍ അറസ്റ്റിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, സന്നിധാനത്തേക്കു പുറപ്പെട്ട യുവതിയെ പത്തനംതിട്ട ബസ്റ്റാന്‍ഡില്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിയായ ലിബി എന്ന യുവതിയെയാണ് തടഞ്ഞത്. ഇത്‌ ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് എത്തി ഇവരെ സ്ഥലത്തുനിന്ന് മാറ്റി.

പുലര്‍ച്ചെ ശബരിമല നിലയ്ക്കലില്‍ സമരം നടത്തിയവരെ പോലീസ് ഒഴിപ്പിക്കുകയും സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിവന്ന സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. പുലര്‍ച്ചെ ഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം നേരിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലില്‍ കയറിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലയ്ക്കലിലും ഇടത്താവളത്തും കൂട്ടം കൂടി നിന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തിരുന്നു. വന്‍തോതില്‍ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമരക്കാര്‍ സ്ഥലം കൈയ്യടക്കുന്നതും ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നതും ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം. ചൊവ്വാഴ്ച തന്നെ സമരക്കാര്‍ പ്രകോപനങ്ങളുണ്ടാക്കിയതാണ് ഇത്തരം നടപടിയിലേക്ക് നീങ്ങാന്‍ പോലീസ് തയ്യാറായതെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയോടെ ബസ്സുകള്‍ പരിശോധിക്കാനെന്ന പേരില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടയുകയും തമിഴ്നാട്ടുകാരായ ദമ്പതികളെ ബസില്‍നിന്ന് പുറത്തിറക്കിവിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News