Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:32 am

Menu

Published on February 6, 2019 at 10:04 am

ശബരിമല പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിൽ..

sabarimala-women-entry-supreme-court-will-consider-all-petitions

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും മറ്റ് അപേക്ഷകളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹർജികളും ഹൈക്കോടതിയിൽനിന്ന് കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാനസർക്കാരിന്റെ അപേക്ഷയുമാണ് പുനഃപരിശോധനാ ഹർജികൾക്കൊപ്പം കേൾക്കുന്നത്.

ബുധനാഴ്ച രാവിലെ 10.30-ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ ഉൾപ്പെടെയുള്ള പരാതികൾ പുനഃപരിശോധനാ ഹർജിയിൽ തീർപ്പാക്കിയശേഷമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇവയും ഭരണഘടനാ ബെഞ്ചിനു മുമ്പാകെ തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, തന്ത്രിക്കും മറ്റുമെതിരേ എ.വി. വർഷ, ഗീനാകുമാരി എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജി ഇതോടൊപ്പം ലിസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ അഭിഭാഷകനോടും ബുധനാഴ്ച ഹാജരാകാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ജനുവരി രണ്ടിന് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവരും രേഷ്മാ നിഷാന്ത്, ഷനിലാ സതീഷ് എന്നിവരും പുനഃപരിശോധനാ ഹർജികളെ എതിർത്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിധിയെ അനുകൂലിച്ചുകൊണ്ട് കക്ഷിചേരാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സെപ്റ്റംബർ 28-നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹർജികൾ ജനുവരി 22-നു കേൾക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാൽ മാറ്റിവെച്ചു. ശബരിമല തന്ത്രി, എൻ.എസ്.എസ്., പന്തളം കൊട്ടാരം, പീപ്പിൾ ഫോർ ധർമ്മ തുടങ്ങിയവരുടെ 55 പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതിക്കു മുമ്പാകെയുള്ളത്. ഇത്രയധികം പുനഃപരിശോധനാ ഹർജികൾ ഒരു കേസിൽ വരുന്നതുതന്നെ അത്യപൂർവമാണ്.

നാഷണൽ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷൻ പ്രസിഡന്റ് ഷൈലജാ വിജയൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്. ജയാ രാജ്കുമാർ, ചെന്നൈ സ്വദേശി ജി. വിജയകുമാർ, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹർജികൾ നൽകിയത്.

Loading...

Leave a Reply

Your email address will not be published.

More News