Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:38 am

Menu

Published on May 2, 2013 at 6:49 am

സരബ് ജിത്ത് സിങ് മരിച്ചു

sabarjith-died

ലാഹോര്‍ : ഇരുപത്തിരണ്ടു വര്‍ഷം പാകിസ്താനിലെ ജയിലില്‍ കഴിഞ്ഞ ഇന്ത്യന്‍ തടവുകാരന്‍ സരബ് ജിത്ത് സിങ് (49) മരിച്ചു. ജയിലില്‍ സഹതടവുകാരുടെ ക്രൂരമായ മര്‍ദനത്തിന് ഇരയായി ലാഹോറിലെ ജിന്ന ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സരബ് ജിത്ത് സിങ് ഇന്നു വെളുപ്പിന് ഒന്നര മണിക്കാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സരബ് ജിത്തിനെ ചികിത്സിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ അധ്യക്ഷന്‍ മഹ്മൂദ് ഷൗക്കത്ത് അറിയിച്ചു. വെളുപ്പിന് തന്നെ ഈ വിവരം പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷനെയും അറിയിച്ചു. എന്നാല്‍ , സരബ് ജിത്തിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് സംബന്ധിച്ചോ ഭൗതികശരീരം ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നത് സംബന്ധിച്ചോ തീരുമാനമൊന്നുമായിട്ടില്ലെന്നും ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.

സരബ് ജിത്ത് സിങ്ങിന് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കണമെന്ന് അദ്ദേഹത്തെ ആസ്പത്രിയില്‍ സന്ദര്‍ശിച്ച ഭാര്യയും സഹോദരിയും മക്കളും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. സരബ് ജിത്തിനുവേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഇതിനുവേണ്ടി നിരാഹാര സമരം നടത്തുമെന്നും സഹോദരി ദല്‍ബിര്‍ കൗര്‍ ബുധനാഴ്ച പറഞ്ഞിരുന്നു.

ജിന്ന ആസ്പത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സരബ് ജിത്ത് സിങ്ങിനെ രക്ഷിക്കാനാവില്ലെന്ന് ബുധനാഴ്ച ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആസ്പത്ര വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഹൃദയമിടിപ്പ് ഉണ്ടെങ്കിലും തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതീവ സുരക്ഷാസംവിധാനമുള്ള ലാഹോറിലെ ലഖ്പത് ജയിലില്‍ വച്ച് ആറ് തടവുകാര്‍ സരബ് ജിത്ത് സിങ്ങിനെ ആക്രമിച്ചത്. ഇതില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ലാഹോറില്‍ സ്‌ഫോടനം നടത്തിയതിന് സരബ് ജിത്ത് സിങ്ങിനോട് പകവീട്ടുകായിരുന്നുവെന്നാണ് പിടിയിലായ തടവുകാര്‍ പോലീസിന് മൊഴി നല്‍കിയത്. ജയിലില്‍ സരബ് ജിത്ത് സിങ്ങിന് വേണ്ടത്ര സുരക്ഷ നല്‍കിയിരുന്നില്ലെന്നാണ് ഈ സംഭവം തെളിയിച്ചത്. സരബ് ജിത്ത്‌സിങ്ങിനെതിരെ നടന്ന ആക്രമണം ഒരു ഗൂഢാലോചനയുടെ ഫലമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

1990ല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിന് ഇടയാക്കി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് സരബ് ജിത്ത് സിങ്ങിനെ പിടികൂടി തടവിലിട്ടത്. സരബിനെ പിന്നീട് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനു ശേഷം വിവിധ ജയിലുകളിലായി 22 വര്‍ഷം തടവുശിക്ഷ അനുഭവിച്ച സരബ്ജിത്ത് സിങ് നല്‍കിയ ദയാഹര്‍ജി പാകിസ്താനിലെ വിവിധ കോടതികളും മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫും തള്ളിയിരുന്നു. പാകിസ്താല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതൃത്വം നല്‍കിയ സര്‍ക്കാരാണ് 2008ല്‍ സരബ് ജിത്തിന്റെ വധശിക്ഷ അനിശ്ചിതമായി നീട്ടിവച്ചത്.

Loading...

Leave a Reply

Your email address will not be published.

More News