Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:16 am

Menu

Published on October 11, 2013 at 9:52 am

200മത് ടെസ്‌റ്റോടുകൂടി സച്ചിന്‍ വിരമിക്കും

sachin-tendulkar-to-retire-after-200th-test

ന്യൂഡല്‍ഹി: ഒടുവില്‍ ദൈവം തീരുമാനിച്ചു, കളി മതിയാക്കാന്‍. രണ്ടരപതിറ്റാണ്ടുനീണ്ട ക്രിക്കറ്റ്‌ ജീവിതത്തിനൊടുവില്‍ ആരാധകരുടെ ദൈവം, ഇന്ത്യയുടെ സച്ചിന്‍ കളിയില്‍ നിന്നു വിരമിക്കാന്‍ തീരുമാനിച്ചു. വെസ്‌റ്റിന്‍ഡീസിനെതിരേ അടുത്തമാസം നടക്കുന്ന ടെസ്‌റ്റ്‌ പരമ്പരയോടെ രാജ്യാന്തരക്രിക്കറ്റ്‌ ജീവിതം അവസാനിപ്പിക്കുകയാണെന്ന്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌(ബി.സി.സി.ഐ) അധ്യക്ഷനെ രേഖാമൂലം അറിയിച്ചു.

ആരാധകരെ നിരാശപ്പെടുത്തി സചിന്‍ വിടവാങ്ങുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ബി.സി.സി.ഐയുടെ വിവാദ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനാണ്. ആദ്യം ഏകദിനത്തില്‍നിന്നും ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും സചിനെ തുടച്ചുനീക്കുന്നതിനു പിന്നില്‍ ശ്രീനിവാസനാണെന്ന് ബലമായി വിശ്വസിക്കുന്നവര്‍ ക്രിക്കറ്റ് ലോകത്ത് ഏറെയുണ്ട്.

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലാകും താന്‍ അരങ്ങുവാണ ക്രീസില്‍ സച്ചിനെ അവസാനമായി കാണാനാകുക.ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍ ചാമ്പ്യന്മാരായ ഫൈനല്‍ മത്സരത്തിലൂടെ സച്ചിന്‍ ട്വന്റി 20 ക്രിക്കറ്റിനോട് വിടപറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞുകൊണ്ട് ലോകം കണ്ട മഹനായ ക്രിക്കറ്റര്‍ പാഡഴിക്കുന്നത്. ക്രിക്കറ്റ് കളിക്കാതിരിക്കുന്ന കാലത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്ന് സച്ചിന്‍ ബി.സി.സി.ഐക്ക് അയച്ച കത്തില്‍ പറയുന്നു. നവംബര്‍ 14 മുതല്‍ 18 വരെയാണ് സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മുംബൈയില്‍ നടക്കുക.

‘ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നത് എന്നും എന്റെ സ്വപ്‌നമായിരുന്നു. കഴിഞ്ഞ 24 വര്‍ഷമായി ഓരോ ദിവസവും ഞാന്‍ ഈ സ്വപ്‌നത്തിലാണ് ജീവിച്ചിരുന്നത്. ക്രിക്കറ്റ് കളിക്കാതിരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല, എന്തുകൊണ്ടെന്നാല്‍ 11 വയസ്സ് മുതല്‍ ഞാന്‍ അതുമാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വളരെ വലിയ അംഗീകാരമായി ഞാന്‍ കാണുന്നു. ലോകമെങ്ങളും ഞാന്‍ ക്രിക്കറ്റ് കളിച്ചു. ഇരുന്നൂറാം ടെസ്റ്റ് മത്സരം സ്വന്തം മണ്ണില്‍ കളിക്കാനായി ഞാന്‍ കാത്തിരിക്കുന്നു. അതാകും എന്റെ അവസാന മത്സരവും. കളിനിര്‍ത്താന്‍ സമയമായി എന്ന് മനസ്സ് പറയുന്ന നിമിഷം വരെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിച്ച ബി.സി.സി.ഐയോട് നന്ദി പറയുന്നു. എെന്ന മനസ്സിലാക്കി ക്ഷമയോടെ പിന്തുണച്ച കുടുംബത്തിനും നന്ദി. എല്ലാത്തിനുമുപരി പ്രാര്‍ഥനയോടും ആശംസകളുമായി എനിക്ക് കരുത്തുപകര്‍ന്നു തന്ന എന്റെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും ഞാന്‍ നന്ദി പറയുന്നു.” സച്ചിൻ ബി.സി.സി.ഐ ക്ക് അയച്ച കത്തിൽ നിന്നും .

Loading...

Leave a Reply

Your email address will not be published.

More News