Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:42 pm

Menu

Published on June 5, 2017 at 10:29 am

ഭീകരര്‍ക്ക് സഹായം; ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

saudi-arabia-uae-egypt-bahrain-cut-ties-to-qatar

റിയാദ്: ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നൊന്നായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു.

ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ ഇവിടെ നിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ സുരക്ഷ ഖത്തര്‍ അസ്ഥിരമാക്കിയെന്ന് യു.എ.ഇ പറഞ്ഞു. യെമനില്‍ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചെന്നും അവരുമായുള്ള വ്യോമ, നാവിക ബന്ധങ്ങള്‍ റദ്ദാക്കിയെന്നും ബഹ്‌റൈന്‍ ഇന്ന് രാവിലെ പ്രഖ്യാപിച്ചു. ഖത്തര്‍ പൗരന്‍മാര്‍ക്ക് രാജ്യം വിട്ട് പോകാന്‍ 14 ദിവസം നല്‍കിയതായും ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ ഭീകരവാദത്തെ സഹായിക്കുന്നുവെന്നും ബഹ്‌റൈനില്‍ ആഭ്യന്തര ഇടപെടല്‍ നടത്തിയെന്നും ആരോപിച്ചാണ് നടപടി. ബഹ്‌റൈന് പിന്നാലെ സൗദി അറേബ്യയും ഖത്തറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിലേക്കുള്ള വ്യോമ നാവിക ഗതാഗതസംവിധാനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും നാലു രാജ്യങ്ങളും പറഞ്ഞു. ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസിനെയും ഗുരുതരമായി ബാധിക്കും. അതേസമയം, ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതികരണം ഇതുവരെയും എത്തിയിട്ടില്ല.

യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കി. അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്.

കൂടാതെ ഈജിപ്തും യു.എ.ഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്നതായി പ്രസ്താവനകളിറക്കിയിട്ടുണ്ട്. എമിറേറ്റ്സിലുള്ള ഖത്തര്‍ പൗരന്‍മാര്‍ക്ക് രാജ്യം വിട്ട് പോകാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News