Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:29 am

Menu

Published on November 26, 2013 at 10:40 am

സംസ്ഥാന സ്കൂള്‍ കായികമേള:മൂന്നാം ദിനം റെക്കോഡ്‌ മഴ;എറണാകുളം മുന്നില്‍

school-athletics-meeternakulam-gaining-a-crucial-lead

കൊച്ചി:സംസ്ഥാന സ്കൂള്‍ കായികമേളയുടെ മൂന്നാംദിനത്തെ ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ജേതാക്കളായ പാലക്കാടിനെ പിന്തള്ളി ആതിഥേയരായ എറണാകുളം മുന്നില്‍.സ്കൂളുകളുടെ വിഭാഗത്തില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുമെന്ന് ഏറക്കുറെ ഉറപ്പിച്ചു.തിരശ്ശീല വീഴാന്‍ ഒരുദിനം മാത്രം ശേഷിക്കെ സ്വന്തം മണ്ണില്‍വെച്ച് പാലക്കാടിന്‍െറ കൈയില്‍നിന്ന് കന്നിക്കിരീടം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ചാണ് എറണാകുളം മുന്നേറുന്നത്.മൂന്നാംദിനം 11 സ്വര്‍ണമെഡല്‍ നേടിയാണ് എറണാകുളം കിരീടത്തിലേക്ക് കുതിക്കുന്നത്.20 സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവുമുള്‍പ്പെടെ 192 പോയന്‍റാണ് എറണാകുളത്തിന്‍െറ അക്കൗണ്ടിലുള്ളത്.23 സ്വര്‍ണവും 10 വെള്ളിയും 21 വെങ്കലവുമുള്‍പ്പെടെ 175 പോയന്‍റുമായാണ് പാലക്കാട് രണ്ടാംസ്ഥാനത്തുള്ളത്.കോഴിക്കോട് മൂന്നാംസ്ഥാനത്തുണ്ട്.ഒമ്പത് സ്വര്‍ണവുമായി 84 പോയന്‍റുമായാണ് കോതമംഗലം സെന്‍റ് ജോര്‍ജ് കിരീടത്തിലേക്ക് കുതിക്കുന്നത്.54 പോയന്‍റുമായി കോതമംഗലം മാര്‍ബേസില്‍ രണ്ടും 52 പോയന്‍റുമായി പാലക്കാട് പറളി എച്ച്.എസ് മൂന്നും സ്ഥാനങ്ങളിലുണ്ട്.പേരാട്ടം മുറുകിയതോടെ മേളയുടെ അവസാനദിനമായ ഇന്നത്തെ മത്സരങ്ങള്‍ നിര്‍ണായകമാകും.മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ടില്‍ ഇന്നലെ റെക്കോഡുകളുടെ പെരുമഴയായിരുന്നു. ആറു താരങ്ങളാണ്‌ ദേശീയ റെക്കോഡിനേക്കാള്‍ മികച്ച പ്രകടനം നടത്തിയത്‌.ഇവര്‍ക്കു തൊട്ടുപിന്നില്‍ ഫിനിഷ്‌ ചെയ്‌തവരില്‍ ചിലരും ദേശീയ റെക്കോഡിനേക്കാള്‍ മികച്ച സമയം കുറിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ എറണാകുളത്തിന്റെ ശ്രീനിത്‌ മോഹന്‍ (2.10 മീറ്റര്‍) ദേശീയ റെക്കോഡിനൊപ്പമെത്തി.ഇതിനു പുറമേ രണ്ടിനങ്ങളില്‍ മീറ്റ്‌ റെക്കോഡുകളുമുണ്ട്‌.സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡ്‌ തകര്‍ത്ത പാലക്കാടിന്റെ പി.യു. ചിത്ര (4:26:76 മിനിട്ട്‌ ) ഇക്കുറിയും മേളയുടെ താരമായി.ചിത്രയുടെ മൂന്നാം റെക്കോഡാണിത്‌. വെള്ളി നേടിയ കോഴിക്കോടിന്റെ ജെസി ജോസഫും ദേശീയ റെക്കോഡിനേക്കാള്‍ മികച്ച സമയം കുറിച്ചു.ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ആദ്യ മൂന്നു സ്‌ഥാനക്കാരായ അഞ്‌ജു കുരിയാക്കോസ്‌(എറണാകുളം),ദീപാ ജോഷി(കോട്ടയം),നിസ്‌റ്റിമോള്‍ സി.കാനക്കല്‍ (എറണാകുളം)എന്നിവര്‍ ദേശീയ റെക്കോര്‍ഡിനപ്പുറം കടന്നത്‌ ശ്രദ്ധേയമായി.ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ കെ.ആര്‍. ആതിര(കോഴിക്കോട്‌) ദേശീയ റെക്കോഡ്‌ മറികടന്നു(4:35:31 മിനിട്ട്‌).ആതിരയുടെ രണ്ടാം റെക്കോഡ്‌.വെള്ളി നേടിയ വി.ഡി. അഞ്‌ജലിയും ദേശീയസമയം മറികടന്നു. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയത്തിന്റെ ഡിബി സെബാസ്‌റ്റ്യനും(14:93 സെ.)മൂന്നു കി.മീ നടത്തത്തില്‍ പാലക്കാടിന്റെ കെ.ടി.നീനയും ദേശീയ റെക്കോഡ്‌ സ്‌ഥാപിച്ചു (14:20 മിനിട്ട്‌).സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ എറണാകുളത്തിന്റെ എം.എന്‍. നസീമുദ്ദീന്‍ ദേശീയ റെക്കോര്‍ഡിനേക്കാള്‍ ഏറെ മെച്ചപ്പെട്ട സമയം കുറിച്ചു (14:17 സെ.).ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ എറണാകുളത്തിന്റെ ഷിജോ മാത്യുവും സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ ട്വിങ്കിള്‍ ടോമിയും മീറ്റ്‌ റെക്കോഡിട്ടു.

Loading...

Leave a Reply

Your email address will not be published.

More News