Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 12:54 am

Menu

Published on September 11, 2017 at 5:08 pm

ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം; താരത്തിന് പിന്തുണയുമായി വീണ്ടും സെബാസ്റ്റ്യന്‍ പോള്‍

sebastian-paul-says-about-dileep-case

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയുമായി വീണ്ടും സെബാസ്റ്റ്യന്‍ പോള്‍. നല്ല ഒരു എതിർവിസ്താരം നടത്തിയാൽ പൊളിഞ്ഞു വീഴാവുന്നതേ ഉള്ളൂ ദിലീപിന്റെ കേസ്. അതേസമയം താൻ ഇരയ്ക്ക് എതിരല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ കൂട്ടിച്ചേർത്തു.

ദിലീപ് ജയിലിൽ റിമാൻഡിൽ ആയിട്ട് 60 ദിവസം പിന്നിട്ടിരിക്കുന്നു. ഇത്രയും ദിവസം പിന്നിട്ടിട്ടും ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. അതും പലപ്പോഴും പോലീസിന്റെ വാക്കാണ് കോടതി കേൾക്കുന്നത്. ജാമ്യം എന്ന അവകാശം നിഷേധിക്കപ്പെടുകയാണ്.

ജാമ്യാപേക്ഷ എതിർക്കുന്നത് പോലീസിന്റെ കാര്യം. എന്നാൽ പോലീസ് പറയുന്നത് അതേപോലെ വിശ്വസിക്കരുതെന്നാണ് നിയമവും ഭരണഘടനയും അനുശാസിക്കുന്നത്. എന്നാൽ ഇവിടെ ജഡ്ജിയും കോടതിയുമെല്ലാം ഈ മുന്നറിയിപ്പിനെ അവഗണിക്കുന്നു.

തീയില്ലാതെ പുകയുണ്ടാകുമോ എന്ന അതീവലളിതമായ നാടന്‍ ചോദ്യത്താല്‍ അവര്‍ നയിക്കപ്പെടുന്നു. ഇരയെ ഓര്‍ക്കേണ്ടതല്ലേ എന്ന പ്രത്യക്ഷത്തില്‍ മനുഷ്യത്വപരമായ ചോദ്യവും അവര്‍ ഉന്നയിക്കും. വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് രചിക്കുന്നത് നീതിനിഷേധത്തിന്റെ മഹേതിഹാസമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണ്. എന്നാൽ കാര്യങ്ങൾ മഞ്ജു വെളിപ്പെടുത്തിയില്ല. സന്ധ്യയോടു പറഞ്ഞിട്ടുണ്ടാവാം. ദിലീപിന്റെയും മഞ്ജുവിന്റെയും ദാമ്പത്യം തകർത്തത് കാരണമാണ് നടിയോട് ദിലീപിന് വിദ്വേഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. എന്നാൽ മഞ്ജു അങ്ങനെ പറഞ്ഞിട്ടുണ്ടോ. അവ്യക്തമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പന്താടാനുള്ളതല്ല ഒരു വ്യക്തിയുടെ ജീവിതം എന്നും സെബാസ്റ്റ്യന്‍ പോൾ പറയുന്നു.

ചോദ്യങ്ങൾ ചോദിക്കാൻ എല്ലാർക്കും അവകാശമുണ്ട്. ചോദ്യങ്ങളിലൂടെയാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടുന്നത്. ഗൗരിക്ക് ലഭിച്ചതുപോലെ ചിലപ്പോള്‍ വെടിയുണ്ടകളായിരിക്കും മറുപടി. എന്നാലും ചോദ്യങ്ങള്‍ അവസാനിക്കരുത്.

ദീദി ദാമോദരനും മറ്റും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന വീണ്ടുവിചാരമില്ലാത്ത നിലപാട് എന്നെ വേദനിപ്പിക്കുന്നു. ദിലീപിന് അനുകൂലമായി തരംഗം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പൊലീസ് എന്റെ നിലപാടിനെ വ്യാഖ്യാനിച്ചേക്കാം. സഹതാപതരംഗമോ അനുകൂലതരംഗമോ സൃഷ്ടിക്കപ്പെടുന്നതില്‍ എന്തു തെറ്റാണുള്ളത്? പ്രതികൂലതരംഗം സൃഷ്ടിക്കുന്നതിന് മാധ്യമങ്ങളെ പൊലീസ് നന്നായി ഉപയോഗിക്കുന്നുണ്ട്.

ടി ദാമോദരന്റെ സ്ക്രിപ്റ്റ്പോലെ അനായാസം സങ്കീര്‍ണവിമുക്തമാക്കാന്‍ കഴിയുന്നതല്ല ജീവിതത്തിലെ സന്ധികളും പ്രതിസന്ധികളും. ഭരണഘടനയുടെ പരിരക്ഷയുള്ള പൗരനെ കുടയ്ക്കു പുറത്ത് മഴയത്ത് നിര്‍ത്തുമ്ബോള്‍ ചോദ്യങ്ങള്‍ ഉണ്ടാകണം.

ജാമ്യത്തിനുള്ള നീക്കം ഓരോ തവണയുണ്ടാകുമ്പോഴും കോടതിയുടെ മനസ്സ് പ്രതികൂലമാക്കുന്നതിന് പൊലീസ് ഓരോ കഥയിറക്കും. മഅദനിയുടെ കേസില്‍ അത് നിരന്തരം കണ്ടവരാണ് ഞങ്ങള്‍. അതിവിടെ ആവര്‍ത്തിക്കരുതെന്ന് ശാഠ്യം പിടിക്കുന്നതിനുള്ള ഉത്തരവാദിത്വം എനിക്കും ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉണ്ട്. സംസാരവും സഹാനുഭൂതിയും തടയുന്നതിന് മജിസ്ട്രേട്ടിനെ സമീപിച്ച പൊലീസ് തങ്ങളുടെ ആവനാഴിയില്‍ അമ്പുകള്‍ വേണ്ടത്രയില്ലെന്ന സംശയമാണ് ജനിപ്പിക്കുന്നത്. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. സെബാസ്റ്റ്യൻ പോൾ ചീഫ് എഡിറ്റർ ആയ ഒരു വെബ്‌സൈറ്റിലൂടെയാണ് ഇദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News