Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സീരിയല്‍ നടന്റെ ഉപദ്രവത്തിനും സദാചാര പൊലീസിങ്ങിനുമെതിരെ പരാതിയുമായി യുവതി. യുവതി ഒറ്റയ്ക്കു താമസിക്കുന്ന വീടിന്റെ മുകളില്‍ താമസിക്കുന്ന സീരിയല്‍ നടനായ സുഭാഷ് മേനോനാണ് യുവതിയുടെ വീട്ടില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം നടക്കുമ്പോള്‍ അടുക്കളയുടെ ജനലിലൂടെ ഒളിഞ്ഞുനോക്കുകയും പിന്നീട് യുവതിയെ പറ്റി മോശം രീതിയില്‍ പ്രചരണം നടത്തുകയും ചെയ്യുന്നതെന്നാണ് പരാതി.
എന്നാല്‍ ഇയാള്‍ക്കെതിരായ പരാതി സ്വീകരിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് നല്‍കിയത് നമ്പര്‍ ഇടാത്ത രസീതാണെന്ന് യുവതിയെ ഉദ്ധരിച്ച് നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിസരവാസികള്‍ക്കും അയല്‍ക്കാര്‍ക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയാണ് വീട്ടില്‍ പിറന്നാള്‍ ആഘോഷിച്ചതെങ്കിലും ഇതിന്റെ പേരില്‍ സുഭാഷ് തന്നെക്കുറിച്ച് ആളുകളോട് മോശമായി സംസാരിക്കുകയാണെന്ന് യുവതി പറയുന്നു.
അടുത്ത വീട്ടില്‍ താമസിക്കുന്ന സ്ത്രീയോട് കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടില്‍ ആണുകള്‍ വന്നിരുന്നുവെന്നും അവര്‍ മദ്യപിച്ചിരുന്നെന്നും ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തന്നോട് ഒന്നും ചോദിക്കാതെ സുഭാഷ് നാട്ടുകാരോട് മുഴുവന്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും യുവതി ആരോപിക്കുന്നു.
ഇതിനാല്‍ നാട്ടുകാര്‍ മുഴുവന്‍ തന്നെ മോശം രീതിയിലാണ് നോക്കുന്നതെന്നും യുവതി പറയുന്നു. രണ്ടു ദിവസമായി വീട്ടില്‍ അനിയന്‍ താമസിക്കുന്നുണ്ട്. ഇത് ആരാണെന്ന് ചോദിച്ചുകൊണ്ട് കഴിഞ്ഞദിവസം രാത്രി 11 മണി സമയത്ത് സുഭാഷിന്റെ ഭാര്യ ലാലി വീട്ടിലേക്കു കയറിവരുകയും വളരെ മോശമായി സംസാരിക്കുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.
നാട്ടുകാരെ മുഴുവന്‍ ബഹളമുണ്ടാക്കി വിളിച്ചുവരുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പൊലീസിനെ വിളിച്ചുവെങ്കിലും സ്ത്രീകളോട് സംസാരിക്കില്ലെന്നാണ് വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും യുവതി പറയുന്നു.
പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം മദ്യപിക്കുന്നുണ്ടെന്നറിഞ്ഞാല്‍ അപ്പോള്‍ തന്നെ പൊലീസിനെ വിളിക്കേണ്ടേയെന്നും സുഭാഷിനോട് പൊലീസ് ചോദിച്ചു. ഇതിനെ തുടര്‍ന്ന് യുവതി തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതി സ്വീകരിച്ച പൊലീസ് യുവതിക്കു നല്‍കിയത് നമ്പര്‍ പോലുമില്ലാത്ത രസീതാണ്. പൂജപ്പുര പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം രാത്രി പെരുമാറിയ രീതി വെച്ച് നീതി ലഭിക്കില്ലെന്നു കരുതിയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിനെ സമീപിച്ചതെന്നും യുവതി പറഞ്ഞു.
Leave a Reply