Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പറവൂര്‍: ഒരു മഴ പെയ്താല്‍ കേരളത്തിലെ റോഡുകളുടെ അവസ്ഥ നമ്മള്‍ക്ക് കാലങ്ങളായി അറിയാവുന്നതാണ്. എത്രയൊക്കെ പ്രതിഷേധിച്ചിട്ടും ശബ്ദമുയര്‍ത്തിയിട്ടും ഇതിന് മാത്രം യാതൊരു മാറ്റവും വരാറില്ല. കേരളത്തില്‍ ഗട്ടറില്‍ വീഴാതെ തിരക്കേറിയ റോഡിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുമോ എന്ന കാര്യം തന്നെ സംശയമാണ്.
ഇനി അഥവാ വാഹനങ്ങള്‍ പോയാലും വഴിയാത്രക്കാര്‍ക്ക് ചെളി വെള്ളം തെറിച്ചു വീഴാതെ റോഡിലൂടെ നടക്കാന്‍ കഴിയുമോ എന്ന കാര്യവും സംശയമാണ്. ഇവിടെയാണ് റോഡിലെ കുഴിയില്‍ ചാടിയ വാഹനം തന്റെ യൂണിഫോമില്‍ ചെളിവെള്ളം തെറിപ്പിച്ചതില്‍ ഹില്‍ന എന്ന ആറാം ക്ലാസുകാരി നടത്തിയ പ്രതിഷേധം വ്യത്യസ്തമായത്. ചെളി തെറിച്ച യൂണിഫോം മാറ്റേണ്ടി വന്നതിനാല്‍ പരീക്ഷയെഴുതാന്‍ വൈകിയതാണ് ഹില്‍നയെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്.
കുഴികള്‍ നിറഞ്ഞ് കാല്‍നട യാത്രികര്‍ക്ക് സഞ്ചാരയോഗ്യമല്ലാത്ത തിരക്കേറിയ റോഡിലെ കുഴിയില്‍ ഇറങ്ങിനിന്നായിരുന്നു ഈ കുരുന്നു ബാലികയുടെ പ്രതിഷേധം. പറവൂര്‍ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് കിഴക്ക് സെന്റ് ജോസഫ് കപ്പേളയ്ക്ക് സമീപമുള്ള റോഡിലായിരുന്നു പ്രതിഷേധം.
പരീക്ഷയ്ക്ക് പോകാനൊരുങ്ങി വീട്ടില്‍ നിന്നും ഇറങ്ങി റോഡരികെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ആണ് ചെറിയ കുട്ടി ആണെങ്കില്‍ പോലും യാതൊരു ദയയപുമില്ലാതെ പിറകില്‍ നിന്നും വന്ന വാഹനം വെളളക്കുഴിയില്‍ ചാടിച്ച് വെള്ളവും ചെളിയും ഹില്‍നയുടെ യൂണിഫോമിലും, പുസ്തകത്തിലും ഒക്കെയാക്കിയത്. മാത്രമല്ല വാഹനം നിര്‍ത്താതെയും പോയി.
ചെളിയായ വസ്ത്രം വീട്ടില്‍ പോയി മാറി കരിമ്പാടം ഡിഡി സഭ ഹൈസ്‌കൂളിലെത്തിയപ്പോള്‍ പരീക്ഷ തുടങ്ങിയിരുന്നു. റോഡിലെ കുഴികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഹെല്‍ന തീരുമാനിച്ചെങ്കിലും ആരോടും പങ്കുവച്ചില്ലെന്നാണ് അറിയുന്നത്.
പിറ്റേന്ന് രാവിലെ സ്‌കൂളിലേക്ക് പോകാന്‍ റോഡിലിറങ്ങി വാഹനങ്ങള്‍ പോകുന്നത് അല്‍പ്പനേരം ശ്രദ്ധിച്ച് നിന്ന ശേഷം ഹെല്‍ന റോഡിലെ ചെളിക്കുഴിയില്‍ ഇറങ്ങി ഇരുകൈകളും വശങ്ങളിലേക്ക് നിവര്‍ത്തി നിന്നു. നാട്ടുകാരും യാത്രക്കാരും ആദ്യമൊന്നമ്പരന്നു. സംഭവമറിഞ്ഞെത്തിയ വീട്ടുകാര്‍ കുട്ടിയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെ ഈ ആറാം ക്ലാസുകാരിയുടെ പ്രതിഷേധം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
അണ്ടിപ്പിള്ളിക്കാവ് വേലിക്കകത്ത് വീട്ടില്‍ പോളിന്റെ മകളാണ് ഹില്‍ന. അണ്ടിപ്പിള്ളിക്കാവ് ജംഗ്ഷന്‍ മുതല്‍ ചേന്ദമംഗലം വഴി പറവൂര്‍ക്ക് പോകുന്ന ഈ റോഡ് മാസങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ തയ്യാറാകാത്ത പൊതുമരാമത്ത് വകപ്പിനെതിരെ നാട്ടുകാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ പ്രതികരിക്കാന്‍ ആരും മുന്നോട്ട് വരാതിരുന്ന സാഹചര്യത്തിലാണ് ഈ ആറാം ക്ലാസുകാരി ധൈര്യത്തോടെ എത്തിയത്.
ചിത്രം കടപ്പാട്: വനിത
Leave a Reply