Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:07 am

Menu

Published on December 20, 2013 at 10:13 am

ദക്ഷിണാഫ്രിക്കയ്‌ക്കു ബാറ്റിംഗ്‌ തകര്‍ച്ച

south-africa-2136-trail-india-by-67-runs

ജൊഹാനസ്‌ബര്‍ഗ്‌: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കു ബാറ്റിംഗ്‌ തകര്‍ച്ച.ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 280 റണ്‍സിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയില്‍ പൊരുതുകയാണ്. നാല് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യന്‍ സ്കോര്‍ മറികടക്കാന്‍ അവര്‍ക്കിനി 67 റണ്‍സ് കൂടി വേണം.ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 129 എന്ന ശക്തമായ നിലയിലായിരുന്ന എതിര്‍നിരയെ ഉജ്ജ്വല ബൗളിങ്ങിലൂടെ ഇശാന്തും മുഹമ്മദ് ഷമിയുമാണ് തകര്‍ത്തത്.ഇശാന്ത് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റെടുത്തപ്പോള്‍ സഹീര്‍ഖാന് ഒരു വിക്കറ്റ് ലഭിച്ചു.നേരത്തെ തലേന്നത്തെ സ്കോറിനോട് വെറും 25 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക ആത്മവിശ്വാസത്തോടെയാണ് ബാറ്റിങ്ങിനിറങ്ങിയത്.സ്കോര്‍ 37ല്‍ നില്‍ക്കെ ഓപണര്‍ ആല്‍വിരോ പീറ്റേഴ്സനെ (21) ഇശാന്ത് വിക്കറ്റിന് മുന്നില്‍ മടക്കി.
എന്നാല്‍, രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സ്മിത്തും (68),ആംലയും (36) കരുതലോടെ കളിച്ച് ടീമിനെ മുന്നോട്ടുനയിച്ചു. ചായക്ക് മുമ്പ് ഒരു വിക്കറ്റിന് 129 എന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ പിന്നീട് ഇശാന്തും കൂട്ടാളികളും ചേര്‍ന്ന് കടപുഴക്കുന്നതാണ് കണ്ടത്.ആംലയുടെ കുറ്റി പിഴുത ഇശാന്ത്,നേരിട്ട രണ്ടാം പന്തില്‍ തന്നെ കാലിസിനെ (0) മടക്കിയതോടെ കളിയുടെ ഗതി മാറി.ഒരറ്റത്ത് നങ്കൂരമിട്ട സ്മിത്തിനെ മടക്കി സഹീറും ആക്രമണത്തില്‍ പങ്കാളിയായതോടെ ഇന്ത്യന്‍ ബൗളിങ്ങിന്‍െറ വീര്യമുണര്‍ന്നു.പിന്നീട് മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു.അപകടകാരിയായ ഡുമിനിയെ മുരളി വിജയ്യുടെ കൈയിലത്തെിച്ച ഷമി എബി ഡിവില്ലിയേഴ്സിനെ (13) വിക്കറ്റിന് മുന്നില്‍ കുടുക്കി.ഇതോടെ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് 146 എന്ന നിലയില്‍ തകര്‍ന്നു.ഏഴാം വിക്കറ്റില്‍ ഡ്യൂ പ്ളസിസ് (17),ഫിലാണ്ടര്‍ (48)എന്നിവര്‍ ചേര്‍ന്നുള്ള 67 റണ്‍സിന്‍െറ കൂട്ടുകെട്ടാണ് അവസാനഘട്ടത്തില്‍ അവര്‍ക്ക് ആശ്വാസം നല്‍കിയത്.തലേന്നത്തെ സ്കോറിനോട് രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റന്‍ (19) ധോണിയെ മടക്കി മോര്‍കലാണ് രണ്ടാം ദിനം വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
വിക്കറ്റിന് പിന്നില്‍ ഡിവില്ലിയേഴ്സാണ് ധോണിയെ പിടികൂടിയത്.തൊട്ടുപിന്നാലെ അര്‍ധശതകത്തിന് മൂന്ന് റണ്‍സകലെ വെച്ച് അജിന്‍ക്യ രഹാനെ (47) ഫിലാണ്ടര്‍ പന്തില്‍ ഡിവില്ലിയേഴ്സിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ സന്ദര്‍ശകരുടെ ഇന്നിങ്സിന്‍െറ വിധി നിശ്ചയിക്കപ്പെട്ടു.പിന്നീടത്തെിയവരില്‍ ആര്‍. അശ്വിന്‍ (11) മാത്രമാണ് സ്കോര്‍ബോര്‍ഡ് ഇളക്കിയത്. സഹീറിനെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഫിലാണ്ടര്‍ ഇശാന്ത് ശര്‍മയെ (0) കുറ്റി തെറിപ്പിച്ച് മടക്കി. മോര്‍കലിനായിരുന്നു അവസാനക്കാരനായ മുഹമ്മദ് ഷമിയുടെ (0) വിക്കറ്റ്.
സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്‌സ്: മുരളി വിജയ് സി ഡിവില്ലിയേഴ്‌സ് ബി മോര്‍ക്കല്‍ 6, ശിഖര്‍ ധവാന്‍ സി ഇമ്രാന്‍ താഹിര്‍ ബി സ്‌റ്റെയ്ന്‍ 13, ചേതേശ്വര്‍ പുജാര റണ്ണൗട്ട് 25, വിരാട് കോലി സി ഡൂമിനി ബി കാലിസ് 119, രോഹിത് ശര്‍മ സി ഡിവില്ലിയേഴ്‌സ് ബി ഫിലാന്‍ഡര്‍ 14, അജിന്‍ക്യ രഹാനെ സി ഡിവില്ലിയേഴ്‌സ് ബി ഫിലാന്‍ഡര്‍ 47, ധോനി സി ഡിവില്ലിയേഴ്‌സ് ബി മോര്‍ക്കല്‍ 19, അശ്വിന്‍ നോട്ടൗട്ട് 11, സഹീര്‍ എല്‍ബിഡബ്ല്യു ബി ഫിലാന്‍ഡര്‍ 0, ഇഷാന്ത് ബി ഫിലാന്‍ഡര്‍ 0, ഷാമി ബി മോര്‍ക്കല്‍ 0, എക്‌സ്ട്രാസ് 26, ആകെ 103 ഓവറില്‍ 280ന് പുറത്ത്. വിക്കറ്റ് വീഴ്ച:1-17, 2-24, 3-113, 4-151, 5-219, 6-264, 7-264, 8-264, 9-278, 10-280. ബൗളിങ്: സ്‌റ്റെയ്ന്‍ 26-7-61-1, ഫിലാന്‍ഡര്‍ 27-6-61-4, മോര്‍ക്കല്‍ 23-12-34-3, കാലിസ് 14-4-37-1, താഹിര്‍ 8-0-47-0, ഡൂമിനി 5-0-30-0.
ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സ്: ഗ്രേയം സ്മിത്ത് എല്‍ബിഡബ്ല്യു ബി സഹീര്‍ 68, പീറ്റേഴ്‌സണ്‍ എല്‍ബിഡബ്ല്യു ബി ഇഷാന്ത് 21, അംല ബി ഇഷാന്ത് ശര്‍മ 36, കാലിസ് എല്‍ബിഡബ്ല്യു ബി ഇഷാന്ത് 0, ഡിവില്ലിയേഴ്‌സ് എല്‍ബിഡബ്ല്യു ബി ഷാമി 13, ഡൂമിനി സി വിജയ് ബി ഷാമി 2, ഫാഫ് ഡു പ്ലെസി നോട്ടൗട്ട് 17, ഫിലാന്‍ഡര്‍ നോട്ടൗട്ട് 48, എക്‌സ്ട്രാസ് 8, ആകെ 66 ഓവറില്‍ ആറിന് 213. വിക്കറ്റ് വീഴ്ച: 1-37, 2-130, 3-130, 4-130, 5-145, 6-146. ബൗളിങ്: സഹീര്‍ 22-4-72-1, ഷാമി 18-3-48-2, ഇഷാന്ത് 20-4-64-3, അശ്വിന്‍ 6-0-25-0.

Loading...

Leave a Reply

Your email address will not be published.

More News