Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:31 am

Menu

Published on December 31, 2013 at 10:10 am

ഇന്ത്യക്ക് 10 വിക്കറ്റ് തോല്‍വി;പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്‌

south-africa-win-by-10-wickets-clinch-series

ഡര്‍ബന്‍: ജാക് കാലിസിന് ദക്ഷിണാഫ്രിക്ക ജയത്തോടെ വിട നല്‍കി.രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 10 വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങള്‍ കാലിസിന് വീരോചിത യാത്രയയപ്പ് നല്കിയത്. ജയത്തോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി (1-0).  ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും ചെറുത്തുനിന്ന ഇന്ത്യയുടെ യുവനിര, രണ്ടാമിന്നിങ്‌സില്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു. ടീമംഗങ്ങള്‍ പോരാടാന്‍ മറന്നപ്പോഴും അതൊന്നും ഗൗനിക്കാതെ ഒറ്റയാള്‍ പോരാട്ടം നടത്തിയ അജിങ്ക്യ രഹാനെ (96) യാണ് ടീം ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 57 റണ്‍സ് മാത്രം വേണ്ടിയിരുന്ന ആതിഥേയര്‍ വിക്കറ്റ് കളയാതെ ലക്ഷ്യം നേടി. രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റെടുത്ത ഫാസ്റ്റ്ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ആണ് കളിയിലെ കേമന്‍. പരമ്പരയുടെ താരമായി ആതിഥേയരുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എ.ബി. ഡിവില്ലിയേഴ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. സ്‌കോര്‍: ഇന്ത്യ 334, 223; ദക്ഷിണാഫ്രിക്ക 500, വിക്കറ്റ് പോവാതെ 59.ഒന്നാമിന്നിങ്‌സില്‍ 51 റണ്‍സുമായി പുറത്താവാതെ നിന്ന രഹാനെ രണ്ടാമിന്നിങ്‌സില്‍ അവസാനക്കാരനായാണ് പുറത്തായത്. എങ്ങനെ ടെസ്റ്റ് കളിക്കണമെന്ന് ടീമിലെ മറ്റംഗങ്ങള്‍ക്ക് കാട്ടിക്കൊടുക്കുകയായിരുന്നു നാലു റണ്‍സകലെ സെഞ്ച്വറി കൈവിട്ടുപോയ രഹാനെ. ഒന്നാം ടെസ്റ്റില്‍ ജയിക്കാവുന്ന സാഹചര്യത്തില്‍ ഇന്ത്യയെ തടഞ്ഞുനിര്‍ത്തിയത് ഡിവില്ലിയേഴ്‌സിന്റെയും ഡുപ്ലെസിയുടെയും പോരാട്ടവീര്യമായിരുന്നെങ്കില്‍ സമനില പിടിക്കാവുന്ന അവസ്ഥയില്‍ നിന്ന് ടീം ഇന്ത്യ വമ്പന്‍ തോല്‍വിയിലേക്ക് വഴുതിയത് പൊരുതാനുള്ള ആര്‍ജവം ഇല്ലാത്തതുകൊണ്ട് മാത്രമായിരുന്നു. ആതിഥേയര്‍ 166 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയിരുന്നെങ്കിലും ഒരുദിവസം മാത്രം കളി ബാക്കിയുള്ളതിനാല്‍ സമനില പിടിക്കാന്‍ ഇന്ത്യക്ക് അവസരമുണ്ടായിരുന്നു. രാവിലെ വിരാട് കോലി നിര്‍ഭാഗ്യകരമായി പുറത്തായെങ്കില്‍ പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പുജാര പുറത്തായത് പരമ്പരയിലെ ഏറ്റവും മികച്ച പന്തിലാണ്. രണ്ടു പേരെയും പുറത്താക്കിയ സ്റ്റെയ്ന്‍, എന്തുകൊണ്ടാണ് താന്‍ ലോകത്തെ ഏറ്റവും മികച്ച ബൗളറായി എന്ന് തെളിയിക്കുകതന്നെ ചെയ്തു. കോലി തോളിലുരസി വന്ന പന്തിലെ അപ്പീലിലാണ് പുറത്തായത്. എന്നാല്‍ പുജാര സ്റ്റെയ്‌നിന്റെ സ്വിങ് ചെയ്തുവന്ന പന്തില്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ റോബിന്‍ പീറ്റേഴ്‌സണ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയും രവീന്ദ്ര ജഡേയും വിക്കറ്റ് സമ്മാനിച്ച രീതി ഞെട്ടിപ്പിക്കുന്നതായി. ഇരുവരുടേതുമുള്‍പ്പെടെ നാല് വിക്കറ്റുകള്‍ പീറ്റേഴ്‌സണ്‍ കൈക്കലാക്കി. പിച്ചിന് കുഴപ്പമൊന്നുമില്ലെന്ന് രഹാനെ തെളിയിച്ചു. എന്നാല്‍ രഹാനെയ്ക്ക് പിന്തുണ നല്കാതെ ഇരുവരും വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നു. 157 പന്തുകള്‍ നേരിട്ട രഹാനെ 11 ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ചിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് രഹാനെ മൂന്നക്കം തികയ്ക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് നാല് റണ്‍സകലെ ഫിലാന്‍ഡറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായത്.

Loading...

Leave a Reply

Your email address will not be published.

More News