Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീടുകളിലും സ്ഥാപനങ്ങളിലും വെച്ച് ആരാധിക്കാവുന്ന ഏറ്റവും വിശിഷ്ട യന്ത്രമാണ് ശ്രീചക്രം. സകലയന്ത്രങ്ങളുടെയും രാജാവായാണ് ഇത് അറിയപ്പെടുന്നത്.
സര്‍വ്വ ദേവീദേവന്മാരുടെയും ഉത്ഭവവും രക്ഷകര്‍ത്തിത്വവും ഉള്‍ക്കൊണ്ടു ആദിപരാശക്തിയായ ശ്രീലളിതാംബികയാണ് ശ്രീചക്രത്തില്‍ വസിക്കുന്നതെന്നാണ് വിശ്വാസം. ഇക്കാരണത്താല്‍ ശ്രീലളിതാംബിക കുടികൊള്ളുന്ന ശ്രീചക്രത്തില്‍ സര്‍വ്വ ദേവീദേവന്മാരുടെയും, സര്‍വ്വ യന്ത്രങ്ങളുടെയും ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നാണ് പറയപ്പെടുന്നു.
സമ്പത്തും ഐശ്വര്യവും സമൂലം പ്രദാനം ചെയ്യുവാനുള്ള ശക്തി ശ്രീചക്രത്തിനുണ്ട്. പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്. ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്.
നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.
മധ്യത്തിലുള്ള ബിന്ദു ഉള്‍പ്പെടെ ഒന്‍പതു ചക്രങ്ങളാണ് ശ്രീചക്രത്തിനുള്ളത്. ത്രൈലോക്യമോഹനം, സര്‍വ്വാശാപരിപൂരകം, സര്‍വ്വസംക്ഷോഭണം, സര്‍വ്വസൗഭാഗ്യദായകം, സര്‍വ്വാര്‍ത്ഥസാധകം, സര്‍വ്വരക്ഷാകരം, സര്‍വ്വരോഗഹരം, സര്‍വ്വസിദ്ധിപ്രദം, സര്‍വ്വാനന്ദമയം എന്നീ പേരുകളില്‍ ശ്രീചക്രത്തിലെ ഒന്‍പതു ചക്രങ്ങളും അറിയപ്പെടുന്നു. ഓരോ ചക്രത്തിന്റെ പേരുകളും അവയുടെ മഹത്വവും ഫലവും സൂചിപ്പിക്കുന്നു.
വീട്ടില്‍ ശുദ്ധിയുള്ള ഒരിടത്ത് പ്രത്യേക സ്ഥാനം നല്‍കി വേണം ശ്രീചക്ര ആരാധന നടത്തുവാന്‍. സ്വര്‍ണ്ണം, ചെമ്പ്, വെള്ളി എന്നീ ലോഹങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ വേണം ശ്രീചക്രം ആലേഖനം ചെയ്യേണ്ടത്. സ്വര്‍ണ്ണത്തിലും ത്രിമാന രൂപത്തിലും തയ്യാറാക്കുന്ന ശ്രീചക്രം കൂടുതല്‍ ഫലം നല്‍കും എന്നൊരു വിശ്വാസം നിലവിലുണ്ടെങ്കിലും ധനസ്ഥിതിക്ക് അനുസരിച്ചുള്ള നിര്‍മ്മാണ മാര്‍ഗ്ഗമായിരിക്കും ഉചിതം.
ശ്രീചക്രം വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ യഥാവിധി സ്ഥാപിച്ച് പൂജ നടത്തിയാല്‍ സാമ്പത്തിക തടസ്സങ്ങള്‍ മാറുകയും സമ്പല്‍സമൃദ്ധി ഉണ്ടാകുകയും ചെയ്യും. സര്‍വ്വഐശ്വര്യപ്രദായകം എന്നതാണ് ശ്രീചക്രത്തിന്റെ ഏറ്റവും വലിയ മേന്മ.
യഥാവിധി തയാറാക്കിയ ശ്രീചക്രത്തില്‍ ആരാധന നടത്തിയാല്‍ സര്‍വ്വഐശ്വര്യങ്ങളും സമ്പല്‍സമൃദ്ധിയും ഗൃഹത്തില്‍ വന്നുചേരുമെന്നാണ് വിശ്വാസം. സ്വസ്ഥവും ആനന്ദഭരിതവുമായ ഒരു ഗൃഹാന്തരീക്ഷം കൈവരും. പ്രഭാതവും സന്ധ്യയുമാണ് ശ്രീചക്രപൂജയ്ക്ക് ഏറ്റവും മികച്ച സമയങ്ങള്‍.
Leave a Reply