Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അരീക്കോട്: എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നടുറോഡില്‍ നിന്നും കണ്ടെത്തി.കിഴിശ്ശേരി മഞ്ചേരി റോഡില്‍ പുറ്റമണ്ണയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ഉത്തരക്കടലാസ് ഇന്നലെ വൈകീട്ടാണ് നാട്ടുകാര്‍ കണ്ടെത്തിയത്.സ്‌കൂള്‍ അധികൃതര്‍ പോസ്‌റ്റോഫീസുകളിലെത്തിച്ച സീല്‍ ചെയ്ത ഉത്തരക്കടലാസുകള്‍ വിവിധ പോസ്‌റ്റോഫീസുകളില്‍ നിന്ന് ശേഖരിച്ച് കോഴിക്കോട് ആര്‍.എം.സിലേക്ക് പോകുംവഴി വാഹനത്തില്‍ നിന്ന് റോഡില്‍ വീണതാകാമെന്നാണ് കരുതുന്നത്. റോഡില്‍ നിന്ന് ലഭിച്ച കെട്ട് എസ്.എസ്.എല്‍.സി പരീക്ഷയുടേതാണെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു . അര മണിക്കൂറിനകം നഷ്ടപ്പെട്ട കെട്ട് സ്വീകരിക്കാന്‍ വാഹനം തിരികെയെത്തിയെങ്കിലും പൊലീസ് എത്താതെ കെട്ട് വിട്ടുനല്‍കില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു. പിന്നീട് ബസ്‌സ്‌റ്റോപ്പില്‍ ഉത്തരകടലാസ് കെട്ട് പൊലീസ് എത്തിയാണ് കൈമാറിയത്. തപാല്‍ വകുപ്പിന്റെ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇത്രയും പ്രധാനപ്പെട്ട പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡില്‍ നിന്നും ലഭിച്ചത് വിദ്യാഭ്യാസ വകുപ്പിന്റെ അലംഭാവമാണ് കാണിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന പ്രവര്‍ത്തനമാണിതെന്നും അവര്‍ ആരോപിച്ചു.മൂല്യനിര്‍ണയത്തിനായി എറണാകുളം എസ്.ആര്‍.വി. ജി.എം.വിഎച്ച്.എസ്.എസിലെത്തിക്കാനുള്ളവയാണ് ഉത്തരക്കടലാസുകള്‍. ഉത്തരക്കടലാസ് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെത്തിക്കാന്‍ നിസാര തുകയാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതെന്നും അതിനാല്‍ കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കാന്‍ കഴിയില്ലെന്നുമാണ് പോസ്റ്റല്‍ അധികൃതരുടെ നിലപാട്. വാഴക്കാട്, അരീക്കോട്, പുളിക്കല്‍, കുഴിമണ്ണ, കിഴിശ്ശേരി എന്നീ പോസ്‌റ്റോഫീസുകളില്‍ നിന്ന് ശേഖരിച്ച ഉത്തരക്കടലാസുകളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
Leave a Reply