Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വണ്ണപ്പുറം: സ്‌കൂളില്‍ മലയാളം സംസാരിച്ചതിന്റെ പേരില്‍ അഞ്ചാം ക്ലാസുകാരന്റെ പുറത്ത് അധ്യാപിക സ്റ്റിക്കര്‍ പതിച്ചു.
ഇടുക്കി കാളിയാര്‍ ജയ്‌റാണി സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയം പബ്ലിക്ക് സ്‌കൂളിലാണ് സംഭവം. കഴിഞ്ഞദിവസം നടന്ന സംഭവം ശ്രദ്ധയില്‍പ്പെതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ കാളിയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്‌കൂളിലെ ചില ക്ലാസുകളില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്ന നിബന്ധനയുണ്ട്. കഴിഞ്ഞദിവസം അഞ്ചാംക്ലാസ് വിദ്യാര്‍ഥി ക്ലാസില്‍ മലയാളം സംസാരിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ അധ്യാപിക, ‘ഞാന്‍ മലയാളം സംസാരിച്ചു’ എന്നതരത്തില്‍ എഴുതിയ സ്റ്റിക്കര്‍ വിദ്യാര്‍ഥിയുടെ വസ്ത്രത്തിന് പിറകില്‍ പിന്‍ചെയ്തു പിടിപ്പിക്കുകയായിരുന്നു.
സ്‌കൂളില്‍ ഇത്തരം ശിക്ഷാ നടപടികള്‍ സാധാരണമാണെന്ന് പറയപ്പെടുന്നു. ക്ലാസ് സമയത്ത് പതിക്കുന്ന ഇത്തരം സ്റ്റിക്കറ്റുകള്‍ വൈകീട്ട് അധ്യാപകര്‍ തന്നെ അഴിച്ചുമാറ്റുകയാണ് പതിവ്. എന്നാല്‍ ഈ കുട്ടിയുടെ പുറത്ത് പതിച്ച സ്റ്റിക്കര്‍ ഊരിമാറ്റാന്‍ അധ്യാപിക മറന്നുപോയി.
ഇതുമായാണ് വൈകീട്ട് കുട്ടി വീട്ടിലെത്തിയത്. സ്റ്റിക്കര്‍ കണ്ടു കാര്യം തിരക്കിയ വീട്ടുകാരോട് കുട്ടി സംഭവം പറഞ്ഞു. ഇതോടെ രക്ഷിതാക്കള്‍ കാളിയാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രശ്‌നം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറയാന്‍ തയ്യാറായി.
ഇതോടെ വീട്ടുകാര്‍ പരാതി പിന്‍വലിച്ചെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്റ്റിക്കര്‍ പതിച്ച അധ്യാപികയില്‍ നിന്ന് വിശദീകരണം വാങ്ങിയതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Leave a Reply