Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് നടന്‍ സുധീര്‍ സുകുമാരന്‍. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് സുധീര്‍, ദിലീപിനെ പിന്തുണച്ച് സംസാരിക്കുന്നത്.
ദിലീപിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണെന്നും അദ്ദേഹത്തിനിതിരെ വരുന്ന കളളക്കഥകള്‍ക്കെതിരെ പ്രതികരക്കണമെന്നും സുധീര്‍ പറയുന്നു. തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ദിലീപ് ആണെന്നും കോടതി തെറ്റുകാരനാണെന്ന് വിധിക്കുന്നതുവരെ അദ്ദേഹത്തിനൊപ്പമാണെന്നും സുധീര്‍ വ്യക്തമാക്കുന്നു.
15 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സിഐഡി മൂസ എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്ത ദിവസം ഓര്‍ത്തെടുത്താണ് സുധീര്‍ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങുന്നത്. ഈ അവസരത്തില്‍ താന്‍ ദിലീപേട്ടനെ ഓര്‍ക്കുന്നു. കാരണം സിഐഡി മൂസ എന്ന സിനിമ ഇല്ലായിരുന്നെങ്കില്‍ ജീവിതം വഴിമാറിപ്പോയേനെ. ദിലീപേട്ടനാണ് തന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. അദ്ദേഹം തന്നെയായിരുന്നു ആ സിനിമയുടെ നിര്‍മ്മാതാവും. ഇന്ന് അദ്ദേഹം ജയിലിലാണ്. എന്താണ് ചെയ്ത തെറ്റെന്നോ കേസിന്റെ പിന്നിലെ കാര്യങ്ങളോ തനിക്ക് അറിയില്ല.
പലരും പറഞ്ഞപ്പോഴും അദ്ദേഹം ആകരുതേ എന്ന് ആഗ്രഹിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്ത കഴിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് വിചാരിച്ചു, പക്ഷേ അതുണ്ടായില്ല. ഇപ്പോള്‍ ഇരുപത്തിയഞ്ച് ദിവസമായി അദ്ദേഹം ജയിലിലായിട്ട്. ഈ ദിവസങ്ങള്‍ക്കിടെ എന്തെല്ലാം കെട്ടുകഥകളാണ് അദ്ദേഹത്തിനെതിരെ വന്നത്. ക്രിമിനലും കയ്യേറ്റക്കാരനുമാക്കി, നാറ്റിച്ച് അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നു. ഇതൊക്കെ തെണ്ടിത്തരമെന്നേ പറയാന്‍ കഴിയൂവെന്നും സുധീര്‍ പറയുന്നു.
ദിലീപ് എന്ന മനുഷ്യന്‍ അവിടെ ജയിലില്‍ കിടക്കുകയാണ്. കേരളത്തിലെ പൊലീസിനെ തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ ഒരു രാജ്യദ്രോഹിയായി മാധ്യമങ്ങളോ സോഷ്യല്‍മീഡിയയോ ദിലീപിനെ ചിത്രീകരിക്കരുതെന്നും സുധീര്‍ അഭ്യര്‍ത്ഥിക്കുന്നു.
വിനയനെ വിലക്കിയപ്പോള്‍ താന്‍ ഒപ്പം നിന്നു. അന്ന് താനും ഒരുപാട് അനുഭവിച്ചു. ഒറ്റയ്ക്ക് നേരിടുന്ന ഒരു ഫൈറ്ററോടുള്ള ബഹുമാനമാണ് എനിക്ക് വിനയന്‍ ചേട്ടനോട് തോന്നിയത്. ഞാന്‍ അങ്ങോട്ട് പോയി സിനിമ ചെയ്യുകയായിരുന്നു. എന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തത്. ദിലീപേട്ടനൊക്കെ അന്ന് എനിക്ക് എതിരെ നിന്നു.
എന്നാല്‍ ഇന്ന് ദിലീപേട്ടന്റെ അവസ്ഥ വളരെ ദയനീയമാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ കോടതി ശിക്ഷിക്കട്ടെ. അതല്ലാതെ ഇല്ലാക്കഥകള്‍ ദയവായി പടച്ചുവിടാതിരിക്കുക. ദിലീപേട്ടനെ നശിപ്പിക്കരുത്. ഇത്രയും പറഞ്ഞില്ലെങ്കില്‍ അത് നന്ദികേടായിപ്പോകുമെന്നും സുധീര്‍ പറയുന്നു.
Leave a Reply