Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്തു കടുത്ത ചൂട് തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം പാലക്കാട്ടാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി. ഇത്തവണ രേഖപ്പെടുത്തയതിൽ ഏറ്റവും ഉയർന്ന ചൂടാണിത്. തൃശൂർ വെള്ളാനിക്കരയിൽ 37.7 ഡിഗ്രിയും പുനലൂരിൽ 37.6 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽമഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം.
കേരളത്തിന്റെയും കർണാടകത്തിന്റെയും തീരങ്ങളിൽ ഇന്നു രാത്രി 11.30 വരെ 2.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. കൊടും ചൂടിൽ സംസ്ഥാനത്ത് 8 പേർക്ക് സൂര്യാഘാതം. തൃശൂരിൽ 3 പേർക്കും കൊല്ലത്തും ആലപ്പുഴയിലും 2 പേർക്കു വീതവും കോട്ടയത്ത് ഒരാൾക്കുമാണ് സൂര്യാഘാതം ഏറ്റത്. പാലക്കാട് മുണ്ടൂരിൽ നാലാം ദിവസവും 40 ഡിഗ്രിയാണു ചൂട്.
സ്കൂൾ ബസ് കാത്തു നിൽക്കുന്നതിനിടെ നെഞ്ചിൽ പൊള്ളലേറ്റ തൃശൂർ അവിണിശ്ശേരി ചിറയത്തു ബോസ്കോവിന്റെ മകൻ ഹാരിസണെ (11) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേലൂർ കടവനകയറ്റത്തിനു സമീപം തോടു നിർമാണത്തിനിടെ സൂര്യാതപമേറ്റ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ വാരിയത്ത് പറമ്പിൽ അനിലിന്റെ ഭാര്യ പുഷ്പ (38), ഒലക്കേങ്കിൽ തോമസിന്റെ ഭാര്യ ചെറുപുഷ്പം (43) എന്നിവർ ചികിത്സയിലാണ്.
കൊല്ലം ഒറ്റക്കൽ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി സെയ്ദലിയുടെ (16) മുഖത്ത് കളിക്കിടെ പൊള്ളലേറ്റു. വീടു പെയിന്റ് ചെയ്യുന്നതിനിടെ ആദിച്ചനല്ലൂർ പ്ലാക്കോട് മുണ്ടയ്ക്കൽ വീട്ടിൽ ഗോപകുമാറിന് (45) പൊള്ളലേറ്റ് നെറ്റിയിൽ കുമിളകളുണ്ടായി. ഇരുവരും ചികിത്സ തേടി.
ആലപ്പുഴ തലവടിയിൽ ലോട്ടറി വിൽപനക്കാരിക്കും കൈനകരിയിൽ വള്ളത്തിൽ യാത്ര ചെയ്തയാൾക്കുമാണു പൊള്ളലേറ്റത്. കോട്ടയം കുമരകത്ത് റിസോർട്ടിൽ നിർമാണ ജോലിക്കിടെ ചൂളഭാഗം വെള്ളാപ്പള്ളിച്ചിറ ജബോയിക്ക് (48) സൂര്യാതപമേറ്റു. ഏതാനും ദിവസം മുൻപു ജോലി സ്ഥലത്തു വച്ചു കാക്കരേയം ഷിബു(49)വിനും സൂര്യാതപമേറ്റിരുന്നു.
Leave a Reply