Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:01 am

Menu

Published on January 2, 2018 at 5:47 pm

പാര്‍വതിയെ എല്ലാ തെറിയും ഏറ്റു വാങ്ങാന്‍ വിട്ടിട്ട് ആസൂത്രകര്‍ തിരശീലക്കു പുറകില്‍ സുരക്ഷിതമായി ഒളിച്ചിരിക്കുകയാണ്- മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ്

sunitha-devadas-post-against-women-in-collective-cinema

തിരുവനന്തപുരം: വിമന്‍ ഇന്‍ കലക്ടീവ് സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ മാധ്യ പ്രവര്‍ത്തകയായ സുനിത ദേവദാസിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. 67 കാരനായ മമ്മൂട്ടി ചെറുപ്പം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്നതടക്കമുള്ള വിമന്‍ ഇന്‍ കലക്ടീവിന്റെ പൊള്ളയായ ആരോപണങ്ങൾക്കെതിരെയാണ് സുനിത ദേവദാസിന്റെ മറുപടി. മമ്മുട്ടിയെ നിശിതമായി വിമർശിച്ചു കൊണ്ട് ഇംഗ്ലീഷിലുള്ള ഒരു പോസ്റ്റ് ഈ സംഘടന ഷെയർ ചെയ്തിരുന്നു. എന്നാൽ വൈകാതെ തന്നെ പിൻവലിക്കുകയും ചെയ്തു.

സുനിത ദേവദാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

പാർവതിയോടൊപ്പം എന്നാൽ അതിനർത്ഥം മമ്മൂട്ടിക്കൊപ്പമില്ലെന്നല്ല

വിമെൻ ഇൻ സിനിമ കളക്ടീവ് പുതിയ വര്ഷംതുടങ്ങിയത് മമ്മൂട്ടിയെ തെറിവിളിച്ച ലേഖനം ഷെയർ ചെയ്തു കൊണ്ടാണ് . അതും ഇംഗ്ലീഷിൽ ഉള്ളത് . മലയാളത്തിൽ എത്രയോ നല്ല ലേഖനങ്ങൾ പാർവതിയെ പിന്തുണക്കുന്നതും മമ്മൂട്ടിയെ തെറി വിളിക്കാത്തതും പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉള്ളതും ഒക്കെ ഇതിനകം വന്നിട്ടുണ്ട് . അതൊന്നും ഇവർ ഇത് വരെ ഷെയർ ചെയ്തില്ല .

മമ്മൂട്ടിയെ നിശിതമായി വിമർശിക്കുന്ന ഇംഗ്ലീഷ് ലേഖനം ഷെയർ ചെയ്യുക വഴി ലോക്കൽ ഫാൻസ് ഇത് വായിക്കേണ്ട എന്നും എന്നാൽ ഞങ്ങൾ പറയാനുള്ളത് ഇത് വഴി പറയുന്നുവെന്നും 2018 ൽ പാർവതിക്ക് ലഭിക്കാനിടയുള്ള സിനിമകളും കൂടി ഇല്ലാതാക്കുമെന്നും വിമെൻ ഇൻ സിനിമ കളക്ടീവ് നിശബ്ദമായി പ്രഖ്യാപിച്ചു കഴിഞ്ഞു .

ആ ലേഖനത്തിലെ ചില ഭാഗങ്ങൾ താഴെ കൊടുക്കുന്നു . ഇത് തങ്ങളുടെ ഒഫീഷ്യൽ പേജിൽ ഷെയർ ചെയ്യുക വഴി ഇതിനോടൊക്കെ തങ്ങളും യോജിക്കുന്നു എന്നാണല്ലോ വനിതാ സംഘടനയിലെ അംഗങ്ങൾ പറയുന്നത് . ആ സാഹചര്യത്തിൽ ചിലത് ചോദിക്കാതെയും പറയാതെയും ഇരിക്കാനാവില്ല .

ലേഖനത്തിലെ ചില ഭാഗങ്ങൾ

“മമ്മൂട്ടി പഴയ മമ്മൂട്ടിയുടെ ഒരു മങ്ങിയ നിഴൽ മാത്രമായി മാറിയിട്ടും അദ്ദേഹത്തിന്റെ ആരാധകർ സിനിമയുടെ നിലവാരത്തെക്കാളും അദ്ദേഹത്തിന്റെ യുവത്വത്തിന് പ്രാധാന്യം നൽകുന്നവരാണ് .

അറുപത്തേഴ് വയസ്സുള്ള മമ്മൂട്ടി തന്റെ പ്രായത്തെ കുറിച്ച് ബോധവാനും ചെറുപ്പം നിലനിർത്താൻ ഏതറ്റം വരെ പോകാൻ തയ്യാറുമാണ് . എന്നാൽ കഠിനാധ്വാനം കൊണ്ട് ഇപ്പോൾ നിലനിർത്തിയിരിക്കുന്ന രൂപം വളരെ കൃത്രിമമാണ് . ഇതോടെ മമ്മൂട്ടി സ്വയം നാണംകെടുകയാണ് .

പ്രായത്തിനനുസരിച്ച റോളുകൾ സ്വീകരിക്കുന്ന അമിതാഭ് ബച്ചനിൽ നിന്ന് വ്യത്യസ്തമായി, എഴുപതുകളിലെത്തിയിട്ടും മമ്മൂട്ടി ചെറുപ്പക്കാരന്റെ വേഷം ചെയ്യുന്നു . എൺപതുകളിലും തൊണ്ണൂറുകളിലും മുതിർന്ന വേഷങ്ങൾ ചെയ്തിരുന്ന മമ്മൂട്ടി ഇപ്പോൾ കൂടുതൽ യുവത്വമുള്ള കഥാപാത്രങ്ങളിൽ അഭിനയിക്കണമെന്ന് നിർബന്ധം പിടിക്കുന്നു.

കസബ സ്ത്രീ വിരുദ്ധതയെ മഹത്വവൽക്കരിക്കുന്നു .

രഞ്ജി പണിക്കരുടെ ദ കിംഗ് (1995) എന്ന ചിത്രത്തിൽ മമ്മൂട്ടി ഐഎഎസ് ട്രെയ്നിയോട് ” നീ വെറും ഒരു പെണ്ണാണ് ” എന്ന് പറയുന്നു . ആവനാഴിയിലക്കം മമ്മൂട്ടി ഇത്തരം അശ്ലീലം പറയുന്ന കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് .

മമ്മൂട്ടി ഇപ്പോൾ പ്രതികരിക്കേണ്ടതുണ്ട് . ഇപ്പോൾ രണ്ടാഴ്ചയായി അദ്ദേഹം മൗനം തുടരുകയാണ് . അതിലൂടെ തന്റെ കുട്ടിക്കുറ്റവാളികളായ ആരാധകരെ അഴിഞ്ഞാടാൻ പ്രോത്സാഹിപ്പിക്കുന്നു.

പാർവതി ക്ഷമാപണം ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്, അവൾ തെറ്റൊന്നും ചെയ്തിട്ടില്ല . ”

1 . പാർവതിയുടെ ന്യായമായ ആശങ്കകളോട് യോജിക്കുന്നു . അതിനപ്പുറം മമ്മൂട്ടി എന്ന മഹാ നടനെ വ്യക്തിഹത്യ ചെയ്യാനുള്ള എല്ലാ ശ്രമങ്ങളോടും വിയോജിക്കുന്നു . പാർവതിയെ വ്യക്തിഹത്യ ചെയ്യുന്നത് പോലെ തന്നെയാണ് മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്യുന്നതും .

2 . മമ്മൂട്ടിയുടെ പ്രതികരണമാണ് വിമെൻ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെടുന്നത് . മമ്മൂട്ടി പ്രതികരിച്ചിട്ട് ദിവസങ്ങളായിട്ടേ ഉള്ളു . എന്നിട്ട് വീണ്ടും മമ്മൂട്ടിയോട് പ്രതികരിക്കാനാണ് ഇവർ ആവശ്യപ്പെടുന്നത് . ഇവർക്ക് ഈ വിവാദം തീരണമെന്നില്ല എന്നാണോ അതിനർത്ഥം ? പ്രതികരണം , മറു പ്രതികരണം , വിമർശനം ഇങ്ങനെ ഇത് അനന്തമായി മുന്നോട്ട് പോകണം എന്നാണോ ? പറഞ്ഞതിൽ കൂടുതൽ എന്ത് പ്രതികരണമാണ് മമ്മൂട്ടിയിൽ നിന്നും ഇവർ പ്രതീക്ഷിക്കുന്നത് ? മമ്മൂട്ടി മാപ്പ് പറയണം എന്നാണോ ? എന്തിന് ?

3 .മമ്മൂട്ടി അഭിനയിച്ച സ്ത്രീവിരുദ്ധ സിനിമകൾ മാത്രം എണ്ണി പറയുകയാണല്ലോ . അദ്ദേഹം എത്രയോ സോദ്ദേശ ചിത്രങ്ങളിലും സന്ദേശ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് . അതൊന്നും എടുത്തു പറയാത്തത് എന്താണ് ? മതിലുകൾ , വിധേയൻ , പൊന്തന്മാട , ഒരേ കടൽ , അംബേദ്‌കർ തുടങ്ങിയ സിനിമകളും അദ്ദേഹം ചെയ്തതാണ് . ഇതൊക്കെ പ്രേക്ഷകരെ നന്നാക്കിയിരുന്നോ ?

4 . സിനിമ കണ്ടു ആളുകൾ ചീത്തയാവും എന്ന് പറയുന്നവർ സിനിമ കണ്ടു നന്നായ ഒരു മനുഷ്യനെ കാണിച്ചു തരാമോ ? അതോ സിനിമകൾ കണ്ടാൽ ആളുകൾ നന്നാവില്ലേ ? ചീത്തയാവുക മാത്രമേ ഉള്ളു ?

സിനിമ ഒരു കലാസൃഷ്ടിയാണ് എന്നത് നിങ്ങളൊക്കെ മനഃപൂർവം മറക്കുകയാണോ ?

5 . വിമെൻ ഇൻ സിനിമ കളക്ടീവ് പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ദിലീപിന്റെ യഥാർത്ഥ ജീവിതത്തെയും മമ്മൂട്ടിയുടെ കഥാപാത്രങ്ങളെയും തമ്മിൽ താരതമ്യം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു . ഇതൊക്കെ സദുദ്ദേശത്തോടെ തന്നെയാണോ ?

6 . മമ്മൂട്ടി എന്ന നടൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 45 വർഷത്തിലധികമായി . അദ്ദേഹം ഇക്കാലമത്രയും അഭിനയത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് . തൊഴിലിനോടുള്ള ആത്മാർത്ഥതയും പാഷനുമായി അതിനെ കണക്കാക്കാം . ഒരു പൊതു കാര്യങ്ങളിലും ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാറില്ല . രാഷ്ട്രീയം കളിക്കാറില്ല .

ഇപ്പോൾ പാർവതിയുടെ വിഷയത്തിൽ മാത്രം അദ്ദേഹം വീണ്ടും വീണ്ടും പ്രതികരിക്കണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് ?

ഒരു അഭിനേതാവ് അദ്ദേഹത്തെ / അവളെ അടയാളപ്പെടുത്തേണ്ടത് അഭിനയിച്ചു തന്നെയാണ് . അല്ലാതെ കവല പ്രസംഗം നടത്തിയിട്ടോ എല്ലാത്തിലും ഇടപെട്ട് അഭിപ്രായം പറഞ്ഞോ അല്ല . അദ്ദേഹം ഇപ്പോഴും പാഷനോടെ അഭിനയിക്കുന്നു . അദ്ദേഹത്തെ ആ വഴിക്ക് വിട് .

7 . മമ്മൂട്ടി ശരീരം സംരക്ഷിക്കുന്നത് എന്തോ മഹാ അപരാധം എന്ന മട്ടിലാണല്ലോ വിശകലനങ്ങൾ . അദേഹത്തിന്റെ തൊഴിലാണ് അഭിനയം .അതിനുള്ള ടൂൾ ആണ് ശരീരം . അത് മനോഹരമായും ഭംഗിയായും സൂക്ഷിക്കുന്നത് മഹാ അപരാധമാവുന്നത് എങ്ങനെയാണു ? പ്രൊഫഷണൽ ആയ എല്ലാവരും അങ്ങനെയല്ലേ ആവേണ്ടത് ?അദ്ദേഹത്തെ കണ്ടു പഠിക്കേണ്ടതിനു പകരം ചെളി വാരി എറിയുന്നത് എന്തിനാണ് ?

8 . സത്യത്തിൽ ഒരു സംശയം തോന്നുന്നു . പാർവതിയെ “ചിലർ ” ഉപയോഗിക്കുകയാണോ എന്ന് . അന്ന് വിവാദമായ പ്രസംഗത്തിൽ പോലും പാർവതി ആ സിനിമയുടെ പേര് പറയാതെ കാര്യം പറയുകയായിരുന്നു . അപ്പോൾ പാർവതിയെ ഡിക്റ്റേറ്റു ചെയ്തു പേര് പറയിച്ചു വിവാദത്തിലേക്ക് തള്ളിയിട്ടത് മുതൽ ഇപ്പോൾ പാർവതിയുടെ നന്മക്കെന്ന പോലെ ഈ വൃത്തികെട്ട ലേഖനം പേജിൽ ഷെയർ ചെയ്യുന്നതുൾപ്പെടെ ആരോ ബുദ്ധിപൂർവം ഒരു “രാഷ്ട്രീയം ” കളിക്കുന്നുണ്ട് . പാർവതിയെ എല്ലാ തെറിയും നഷ്ടവും ഏറ്റു വാങ്ങാൻ തള്ളിവിട്ടിട്ട് ആസൂത്രകർ തിരശീലക്കു പുറകിൽ സുരക്ഷിതമായി ഒളിച്ചിരിക്കുകയാണ് . അവർക്കൊന്നും ഇത് വരെ ഒരു നഷ്ടവും വന്നിട്ടില്ല .

നഷ്ടം മുഴുവൻ പാർവതിക്കാണ് .

ഈ വിവാദം 2017 ൽ അവസാനിപ്പിക്കാമായിരുന്നു . എന്നിട്ടും ഇത് 2018 ലേക്കും വലിച്ചിഴക്കുന്നത് കാണുമ്പോൾ ഇങ്ങനൊന്നും സംശയിക്കാതിരിക്കാൻ വയ്യ .

9 . അഭിനയമാണ് / സിനിമയാണ് പാർവതിയുടെ കരിയർ എങ്കിൽ പാഷൻ എങ്കിൽ ഇവിടെ നിന്നും പിന്മാറുന്നതാവും നന്മ . അതല്ല സാമൂഹ്യ പരിഷ്കർത്താവാകാനാണ് ലക്ഷ്യമെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ ഈ വിവാദവുമായി മുന്നോട്ട് തന്നെ പോകുക .

10 . പ്രധാനപ്പെട്ടതും അവസാനത്തേതും പാർവതിക്കൊപ്പം ഇപ്പോൾ നിൽക്കുന്നത് പത്രക്കാരും കുറച്ചു സോഷ്യൽ മീഡിയ മനുഷ്യരുമാണ് . ഇവർ കുറച്ചു കാലം കാണും . സിനിമാക്കാർ കൂടെയില്ലാത്തിടത്തോളം കാലം ഈ വിവാദമൊക്കെ വെറുതെയാണ് . ഒരു ഗുണവും ഉണ്ടാവില്ല . മാറ്റം വരുത്തേണ്ടത് സിനിമാക്കാരല്ലേ ? അവർക്കല്ലേ ഇതൊക്കെ ബോധ്യപ്പെടേണ്ടത് ?

അതിനായി അകത്തു നിന്നല്ലേ ശ്രമിക്കേണ്ടത് ? അല്ലാതെ പുറത്തു നിന്ന് കിട്ടുന്ന ഈ പിന്തുണയുടെ ആവേശത്തിൽ ഇതിനിങ്ങനെ ഒരു ഗുണവുമില്ലാതെ കരിയർ കളയണം ?

പോസിറ്റീവ് ചേഞ്ച് ഉണ്ടാക്കാൻ ഒരു കമ്മ്യൂണിറ്റിയെ വിമര്ശിക്കേണ്ടത് ആ കമ്മ്യൂണിറ്റിക്കകത്ത് നിന്ന് കൊണ്ടാണ് .

വിമെൻ ഇൻ സിനിമ കളക്ടീവിലെ ഒരംഗവും ഇത് വരെ പരസ്യമായി മമ്മൂട്ടി വിമര്ശനം നടത്തിയിട്ടില്ല . എല്ലാവരും ബുദ്ധിപൂർവം കളിക്കുകയാണ് . പാർവതിയൊഴികെ എല്ലാവരും .

സുനിതാ ദെവദാസ്‌

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News