Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്നി: ആസ്ട്രേലിയയിലെ സിഡ്നിയിലെ ഒരു കഫേയിൽ തോക്കുധാരി ബന്ദികളാക്കിയവരെ മോചിപ്പിച്ചു.സംഭവത്തില്‍ അക്രമി ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പതിനേഴു മണിക്കൂര്‍ നീണ്ട ബന്ദി നാടകത്തിനൊടുവിലാണ് പോലീസ് എല്ലാവരെയും മോചിപ്പിച്ചത്.സിഡ്നിയിലെ പ്രധാന വ്യാപാരകേന്ദ്രമായ മാര്ട്ടിന് പ്ലേസിലെ കോഫിഷോപ്പിലുള്ളവരെയാണ് ആസ്ത്രേലിയന്‍ സമയം 9.45ഓടെ തോക്കുധാരി ബന്ദികളാക്കി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. 15ലധികം പേരെയാണ് ബന്ദികളാക്കിയത്. ഇന്ത്യന്‍ സമയം രാത്രി ഒമ്പതോടെയാണ് ആയുധധാരികളായ ആസ്ട്രേലിയന്‍ കമാന്‍ഡോ സംഘം കോഫി ഷോപ്പിലേക്ക് ഇരച്ച് കയറിയത്. പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയും വെടിവെപ്പ് നടത്തുകയും ചെയ്തു. കമാന്‍ഡോ ഓപറേഷന് പത്ത് മിനിട്ടോളം നീണ്ടുനിന്നു. പൊലീസ് നടപടിയില്‍ പരിക്കേറ്റവരെ സ്ട്രെക്ചറില്‍ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ആസ്ട്രേലിയയിലെ ഇന്‍ഫോസിസ് ജീവനക്കാരനും ആന്ധ്ര ഗുണ്ടൂര്‍ സ്വദേശിയുമായ വിശ്വകാന്ത് അങ്കി റെഡ്ഡി, ബംഗാള്‍ സ്വദേശി പുഷ്പേന്ദു ഘോഷ് എന്നിവരാണ് മോചിതായത്. തിങ്കളാഴ്ച രാവിലെയാണ് സിഡ്നി മാര്‍ട്ടില്‍ പ്ളേസിലെ ലിന്‍ഡ് ചോക്ളെറ്റ് കഫെയില്‍ ആയുധധാരി ഒരു ഡസനോളം പേരെ ബന്ദികളാക്കിയത്. പ്രാദേശികസമയം രാവിലെ 9.45നാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണി) സംഭവം നടന്നത്. കോഫീ ഷോപ്പിലത്തെിയവരെയും ജീവനക്കാരെയുമാണ് ബന്ദികളാക്കിയത്. ഇവരില്‍ അഞ്ച് പേര് പിന്നീട് രക്ഷപെട്ടു.ഇറാന് വംശജനായ ഹാരോണ്‍ മൊനീസാണ് അക്രമിയെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭയാര്‍ത്ഥിയായി ആസ്ട്രേലിയയില്‍ താമസിക്കുന്ന ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും റിപ്പോര്‍ട്ടുണ്ട്.ബന്ദിയാക്കിയത് സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകളില്‍ ആയുധധാരി ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) സായുധ സംഘടനയുമായി ബന്ധമുള്ളതായി പരാമര്‍ശമുണ്ടായിരുന്നു. കോഫീഷോപ്പിനുള്ളില്‍ ഐ.എസിന്േറതിന് സമാനമായ പതാക ടി.വി ദൃശ്യങ്ങളില്‍ കാണിച്ചിരുന്നു. ഇയാളുടെ തലയില്‍ അറബി ലിഖിതമുള്ള ബാന്‍ഡ് കെട്ടിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇറാഖിലേയും സിറിയയിലേയും നിരവധി മേഖലകള്‍ നിയന്ത്രണത്തിലാക്കിയിട്ടുള്ള ഐ.എസില്‍ 70ഓളം ആസ്ട്രേലിയന്‍ പൗരന്മാര് ചേര്‍ന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആസ്ട്രേലിയന്‍ നഗരങ്ങള്‍ ഐ.എസ് ലക്ഷ്യമിട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ കൂടി പശ്ചാത്തലത്തിലാണ് ബന്ദി സംഭവത്തിന് പിന്നിലും ഈ സംഘടനയാണെന്ന കരുതുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിട്ടില്ല.സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഭവസ്ഥലത്തു നിന്നു 400 മീറ്റര്‍ മാത്രം അകലെയുള്ള സിഡ്നിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആസ്ത്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ള സുരക്ഷ വര്‍ധിപ്പിച്ചതായി ബി.സി.സി.ഐ. അറിയിച്ചു.
Leave a Reply